മന്ത്രി കെ രാധാകൃഷ്ണനെ അപമാനിച്ചവർ നവോത്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളും, അവരുടെ പിന്‍ഗാമികളും ; തുറന്നടിച്ച് മന്ത്രി വി.ശിവന്‍കുട്ടി


ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.

സ്പീക്കറായിരുന്നപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരുണ്ടായിരുന്നു. നവോത്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളും, അവരുടെ പിന്‍ഗാമികളുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍.

ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും ഉഴുതുമറിച്ച നവോത്ഥാന മണ്ണാണ് ഇത്. അനാചാരങ്ങളുടെ ഇരുള് കൊണ്ട് ഇത് മറയ്ക്കാനാകില്ലെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. 

മന്ത്രി രാധാകൃഷ്ണനെ ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇത്തരക്കാര്‍ക്കെതിരെ വീട്ടു വീഴ്ചയില്ലാത്ത നടപടികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിചേർത്തു.

ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു.

വിളക്ക് എന്റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി.

അയാളും കത്തിച്ചു. അപ്പോഴും ഞാന്‍ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തുവെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്.

ഞാന്‍ എടുക്കണോ? ഞാന്‍ കത്തിക്കണോ? ഞാന്‍ പറഞ്ഞു പോയി പണി നോക്കാന്‍’ എന്നാണ് തനിക്ക് നേരിടേണ്ടി വന്ന ജാതീയ അനുഭവമെന്ന് മന്ത്രി രാധാകൃഷ്ണന്‍ വിവരിച്ചു.

തനിക്ക് നേരിടേണ്ടി വന്ന ജാതി വിവേചനത്തിന് അതേ വേദിയില്‍ വെച്ചുതന്നെ മറുപടി പറഞ്ഞന്ന് മന്ത്രി വിശദീകരിച്ചു. ‘ഞാന്‍ തരുന്ന പൈസയ്ക്ക് നിങ്ങള്‍ക്ക് അയിത്തമില്ല, എനിക്കാണ് നിങ്ങള്‍ അയിത്തം കല്‍പ്പിക്കുന്നത്.

പൈസയ്ക്ക് മാത്രം അയിത്തമില്ല. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. ഈ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഞാന്‍ പറഞ്ഞെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Related posts

Leave a Comment