ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ച നാലാം വിദ്യാർഥിനിക്ക് സാന്ത്വനവുമായി മന്ത്രി കെ. ശിവൻകുട്ടി വീട്ടിലെത്തി. താമരക്കുളത്തുള്ള ബന്ധുവീട്ടിലെത്തിയാണ് മന്ത്രി കുട്ടിയെ ആശ്വസിപ്പിച്ചത്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ചോക്ലേറ്റ് നൽകി സ്നേഹത്തോടെ കുട്ടിയെ ആശ്ലേഷിച്ചു.
“വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം” എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് തിരിച്ചറിഞ്ഞതായി മന്ത്രി പിന്നീട് പ്രതികരിച്ചു. പ്രയാസകരമായ ഈ സാഹചര്യത്തിൽ അവൾക്ക് താങ്ങും തണലുമായി ഞങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.
കുട്ടിയുടെ വേദന നിറഞ്ഞ സംഭവങ്ങൾ കേട്ട ശേഷം എന്താവാനാണ് ഇഷ്ടമെന്ന് മന്ത്രി ചോദിച്ചപ്പോൾ ഐഎഎസുകാരിയാകണമെന്നും കഥകളും കവിതയും എഴുതാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു. എല്ലാ വിവിധ പിന്തുണയും നൽകി തിരികെ പോകാനിറങ്ങിയ മന്ത്രിയുടെ കൈകളിൽ മുറുകെ പിടിച്ച് കുഞ്ഞ് തേങ്ങുന്നുണ്ടായിരുന്നു. എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എസ്. അരുൺകുമാർ എംഎൽഎ, സിപിഎം നേതാക്കളായ സി.എസ്.സുജാത, ജി. രാജമ്മ, ബി.ബിനു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പിതാവും രണ്ടാനമ്മയും റിമാൻഡിൽ
ചാരുംമൂട്: നാലാംക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ പിതാവിനെയും രണ്ടാനമ്മയെയും മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസർ (37), രണ്ടാം ഭാര്യ ഷെഫീന (24) എന്നിവരെയാണ് മാവേലിക്കര കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം അൻസറിനെ പത്തനംതിട്ട കടമാൻകുളം ആതിര മലയിൽനിന്നു ഷെഫീനയെ കൊല്ലം ചക്കുവള്ളിയിലെ ബന്ധുവീട്ടിൽനിന്നുമാണ് പിടികൂടിയത്.
സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. പെൺകുട്ടി ഇപ്പോൾ കഴിയുന്നത് പിതാവിന്റെ ഉമ്മയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.