സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ബത്തേരി താലൂക്കില്‍പ്പെട്ട ചീരാലിലും സമീപങ്ങളിലും ഭീതി പരത്തിയ പുലി കൂട്ടിലായി. നമ്പ്യാര്‍കുന്ന് ശ്മശാനത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ഇന്നു രാവിലെ പാല് അളവുകേന്ദ്രത്തിലേക്കു പോയ ക്ഷീര കര്‍ഷകരാണ് കൂട്ടില്‍ അകപ്പെട്ട നിലയില്‍ പുലിയെ ആദ്യം കണ്ടത്. സ്ഥലത്തെത്തിയ വനസേന പുലിയെ രാവിലെ എട്ടരയോടെ ബത്തേരി ആര്‍ആര്‍ടി കര്യാലയ വളപ്പിലേക്ക് മാറ്റി. പുലിയെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഉള്‍പ്പെടുന്ന സംഘം നിരീക്ഷിച്ചുവരികയാണ്. പുലിയുടെ ദേഹത്ത് പരിക്കുകള്‍ ഉണ്ടെന്നാണ് സൂചന.
രണ്ട് മാസത്തോളമായി ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന പുലി കൂട്ടിലായത് ജനങ്ങള്‍ക്കും വനസേനയ്ക്കും ആശ്വാസമായി. പശവും ആടും ഉള്‍പ്പെടെ 12 വളര്ത്തുജീവികളെയാണ് ഇതിനകം പുലി വകവരുത്തിയത്. പുലിയ പിടിക്കുന്നതിന് നാല് കുടുകളാണ് വന സേന സ്ഥാപിച്ചത്. ഇതിലൊന്ന് നമ്പ്യാര്കുന്നിനു കുറച്ചകലെ പൂളക്കുണ്ടില്‍ തമിഴ്നാട് വനസേന വച്ചതാണ്.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമായി അതിരുപങ്കിടുന്നതാണ് നമ്പ്യാര്കുന്നും അടുത്തുള്ള പ്രദേശങ്ങളും. പുലിയുടെ ദേഹത്ത് പരിക്കുകള്‍ സ്ഥിരീകരിച്ചാല്‍ ആവശ്യമായ ചികിത്സ നല്കി സുഖപ്പെടുത്തിയശേഷം ഉള്‍വനത്തില്‍ തുറന്നുവിടുമോ അതോ മൃഗശാലയിലേക്ക് മാറ്റുമോ എന്നതില്‍ വ്യക്തതയായില്ല. പുലിയെ മൃഗശാലയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നാണ് ചീരാലിലും സമീപങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായം.