കൊല്ലം: ട്രെയിൻ റിസർവേഷൻ ടിക്കറ്റുകൾ റീഫണ്ട് ചെയ്യുമ്പോൾ ഈടാക്കുന്ന ക്ലറിക്കൽ ചാർജ് കുറയ്ക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഇത് പൂർണമായും ഒഴിവാക്കുന്ന കാര്യവും അധികൃതർ ആലോചിക്കുന്നുണ്ട്.ഏസി, നോൺ ഏസി അടക്കം എല്ലാ വിഭാഗത്തിലും ഉള്ള വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കുമ്പോഴാണ് ക്ലറിക്കൽ ചാർജ് ഈടാക്കുന്നത്.
കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ ആൾക്കാർ ഇപ്പോൾ ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്. അതിനാൽ ടിക്കറ്റിംഗിനുള്ള റെയിൽവേയുടെ പ്രവർത്തന ചെലവുകൾ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റീഫണ്ടിലെ ക്ലറിക്കൽ ചാർജിൽ കുറവ് വരുത്തുന്ന കാര്യം പരിഗണിക്കുന്നത്.
ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഏസി, നോൺ ഏസി ടിക്കറ്റുകൾക്ക് നിശ്ചിത നിരക്കിൽ കൺവീനിയൻ സ് ഫീസും ഈടാക്കുന്നുണ്ട്. എന്നാൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് റദ്ദാക്കിയാൽ പോലും ക്ലറിക്കൽ ചാർജും കൺവീനിയൻസ് ഫീസും യാത്രക്കാർക്ക് തിരികെ നൽകാറില്ല. ഈ തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. തീരുമാനം എടുക്കുകയാണെങ്കിൽ അത് ഏറ്റവും ആശ്വാസമാകുക വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാർക്കായിരിക്കും.
വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ ടിക്കറ്റ് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ടിക്കറ്റ് റീഫണ്ട് ചെയ്യുക പതിവാണ്. ഇവർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്നാണ് റെയിൽവ പറയാറുള്ളതെങ്കിലും ക്ലറിക്കൽ തുക ഈടാക്കിയ ശേഷം ബാക്കിയാണ് റീഫണ്ടായി നൽകി വരുന്നത്. ഇത് അശാസ്ത്രീയമാണെന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് റെയിൽവേ പുനർചിന്തനത്തിന് തയാറായിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ