ഇരിട്ടി: പുലർച്ചെ ടാപ്പിംഗിനായി സ്കൂട്ടറിൽ പോകുകയായിരുന്ന തൊഴിലാളി കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടിപ്പാലം കുന്നക്കാടൻ ഫരീദ് ഹാജിയാണ് (70) കാട്ടാനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെ തൊട്ടിപ്പാലം ടൗണിനു സമീപത്ത് വച്ചുആനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ടു ഭയന്ന ഫരീദ് ഹാജി സ്കൂട്ടർ സഹിതം നിലത്തുവീണു. ഇതിനകം കാട്ടാന ഇദ്ദേഹത്തെ പിടികൂടാനായി സ്കൂട്ടറിനടുത്തു വരെ പാഞ്ഞെത്തുകയും ചെയ്തു. സ്കൂട്ടറിനു തൊട്ടടുത്തെത്തിയ ആന ചിന്നം വിളിച്ച് റോഡിലൂടെ തിരിഞ്ഞോടിയതിനാലാണ് ഫരീദ് ഹാജി രക്ഷപ്പെട്ടത്.
ഒരു മാസം മുന്പ് പേരട്ട തൊട്ടിപ്പാലം മേഖലയിൽ ഇറങ്ങിയ കൊമ്പൻ തന്നെയാണ് ഇന്നലെ തൊട്ടിപ്പാലത്ത് എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ തവണആന വീടുകളുടെ മുറ്റം വരെ എത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
ഇതിനു ശേഷം കാട്ടാനശല്യം തടയാൻ സോളാർവേലികൾ അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനക്ഷമമാക്കിയിരുന്നു. കാട്ടാന കടന്നുവരുന്നത് തടയാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ജീവിച്ചിരിക്കുന്നത് ഭാഗ്യമെന്ന്
ഭാഗ്യം കൊണ്ടു മാത്രമാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് ഫരീദ് ഹാജി പറഞ്ഞു. വാഴത്തോട്ടത്തിൽ നിൽക്കുകയായിരു ന്ന താൻ ആനയെ തൊട്ടടുത്തെത്തിയപ്പോഴാണ് കണ്ടത്. വാഹനം ഉപേക്ഷിച്ച് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയാലോ എന്നാലോചിക്കുന്പോഴേക്കും സ്കൂട്ടർസഹിതം വീണു. ഇതിനകം ആന തൊട്ടടുത്തെത്തിയിരുന്നു. സ്കൂട്ടർ വീഴുന്നതിന്റെയും തന്റെ കരച്ചിലും കേട്ടു ഭയന്ന് തിരിഞ്ഞോടിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. അല്ലെങ്കിൽ എല്ലാം അവിടെ തീരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

