ആകാശത്തൊരു പ്രസവം! വിമാനയാത്രയ്ക്കിടെ ഫിലിപ്പൈന്‍സുകാരി പ്രസവിച്ചു, കുട്ടിക്ക് ആജീവനാന്ത സൗജന്യയാത്രയൊരുക്കി വിമാനക്കമ്പനി

2അപൂര്‍വ്വമായൊരു ആകാശ പ്രസവത്തിനു സാക്ഷിയായതിന്റെ ത്രില്ലിലാണ് ദുബായ്- ഫിലിപ്പൈന്‍സ് വിമാനത്തിലെ യാത്രക്കാര്‍. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഫിലിപ്പൈന്‍സ് യുവതി ഒരു കുഞ്ഞിനു ജന്മം നല്കി. സഹയാത്രികരാകട്ടെ, കുഞ്ഞിനെയും ്അമ്മയെയും പരിചരിക്കുന്ന തിരക്കിലും.  സംഭവ സമയത്ത് മകള്‍ക്കൊപ്പം മാതാവും വിമാനത്തിലുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന മിസി ബെര്‍ബറേഡ് എന്ന സ്ത്രീയാണ് സംഭവം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. മിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ കുഞ്ഞിനും അമ്മയ്ക്കും ആശംസപ്രവാഹമാണ്.

തങ്ങളുടെ വിമാനത്തില്‍ പിറന്ന കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ യാത്ര അനുവദിക്കാനാണ് വിമാനക്കമ്പനി അധികൃതരുടെ തീരുമാനം. സംഭവത്തെ തുടര്‍ന്ന് എട്ടു മണിക്കൂറുകൊണ്ട് ഫിലിപ്പേന്‍സില്‍ എത്തേണ്ട വിമാനം 18 മണിക്കൂറുകൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഒക്‌ടോബറിലായിരുന്നു യുവതിക്കു പ്രസവതിയതി പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ മുന്‍കരുതല്‍ എടുക്കാതെയായിരുന്നു ഇവരുടെ വിമാനയാത്ര.

ദുബായില്‍ നിന്നു പറന്നുയര്‍ന്നശേഷമായിരുന്നു യുവതിക്കു പ്രസവവേദന തുടങ്ങിയത്. അതോടെ സഹയാത്രികരും ജീവനക്കാരും എന്തു ചെയ്യണമെന്നറിയാതെ ആകുലതപ്പെട്ടു. ഭാഗ്യത്തിന് വിമാനത്തില്‍ രണ്ടു നഴ്‌സുമാര്‍ ഉണ്ടായിരുന്നു. ഒപ്പം കൊച്ചുകുട്ടിയുമായി യാത്ര ചെയ്തിരുന്ന ദമ്പതികളും. ഇവരുടെ കൈവശം കുട്ടികള്‍ക്കാവശ്യമായ തുണികളും മരുന്നുകളും ഉണ്ടായിരുന്നു. യുവതി ഇരുന്നിരുന്ന സീറ്റ് താല്ക്കാലിക ലേബര്‍ റൂമാക്കി. നഴ്‌സുമാര്‍ പരിചരണത്തിന്റെ ചുമതല ഏറ്റെടുത്തു. വിമാനത്തിലുള്ളവര്‍ ടെന്‍ഷനടിച്ചിരിക്കേ യുവതി കുഞ്ഞിനു ജന്മം നല്കി. ഇതിനിടെ, അടിയന്തര ലാന്‍ഡിംഗിനായി വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു.

Related posts