വാഷിംഗ്ടണ്‍ ഡിസി: ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെലെന്‍സ്കി യുഎസിലെത്തി. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് പുടിനെ ട്രംപ് ഫോണിൽ വിളിച്ചത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിച്ചതുപോലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സെലൻസ്കി പറഞ്ഞു. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരേ പ്രവർത്തിക്കുമെന്നും സെലെന്‍സ്കി കൂട്ടിച്ചേർത്തു.
ടോമാഹോക്ക് മിസൈലുകളുടെ ലഭ്യതയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. യുക്രെയ്നിൽനിന്നു തൊടുത്താൽ മോസ്കോയിലെത്താന് ശേഷിയുള്ളതും മാരകപ്രഹരമേൽപ്പിക്കാൻ ശക്തിയുള്ളതുമാണ് ടോമാഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍.
യുക്രെയ്ന് മിസൈൽ കൈമാറാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മിസൈലുകള്‍ കൈമാറിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു.