അജയ്യം ടീം ഇന്ത്യ

sp-indiaമിര്‍പുര്‍: അജയ്യരായി ഇന്ത്യ ഫൈനല്‍ പോരാട്ടത്തിന്. യുഎഇക്കെതിരായ ഒമ്പത് വിക്കറ്റ് ജയത്തോടെ ഏഷ്യാകപ്പ് ട്വന്റി-20 ടൂര്‍ണമെന്റിലെ ഒരു മത്സരവും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനല്‍ കളിക്കാനിറങ്ങുന്നത്. യുഎഇ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 39 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. യുവരാജ് (14 പന്തില്‍ 25*), ധവാന്‍ (16*) എന്നിവര്‍ പുറത്താകാതെ നിന്നു. മുഹമ്മദ് ഷെഹ്‌സാദിനെ ബൗണ്ടറിയിലേക്കു പായിച്ച് സ്ഥാനക്കയറ്റം കിട്ടിയെത്തിയ യുവ്‌രാജാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത്.

നേരത്തെ, ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ തകര്‍ന്ന യുഎഇക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. യുഎഇ നിരയില്‍ രണ്ടു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 48 പന്തില്‍നിന്നു 43 റണ്‍സ് നേടിയ ഷെയ്മാന്‍ അന്‍വറിനു മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. റോഹന്‍ മുസ്തഫ (11) യാണ് രണ്ടക്കം കടന്ന രണ്ടാമത്തെ യുഎഇ ബാറ്റ്‌സ്മാന്‍. യുഎഇ നിരയില്‍ നാലു പേര്‍ പൂജ്യത്തിനു പുറത്തായി. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ പന്തെടുത്തവര്‍ക്കെല്ലാം വിക്കറ്റ് കിട്ടി. ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ, പാണ്ഡ്യ, ഹര്‍ഭജന്‍, നെഗി, യുവ്‌രാജ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ, ടോസ് നേടിയ യുഎഇ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ ആശിഷ് നെഹ്‌റ, അശ്വിന്‍, ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് കളത്തിലിറങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, പവന്‍ നേഗി, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ പകരമെത്തി. യുവ്‌രാജ് സിംഗിന്റെ 50-ാം ട്വന്റി 20 മല്‍സരമാണ് ഇതെന്ന സവിശേഷതയുമുണ്ട്. 50 ട്വന്റി-20 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് യുവ്‌രാജ്. ധോണി, റെയ്‌ന, രോഹിത് ശര്‍മ എന്നിവരാണ് യുവരാജിന്റെ മുമ്പന്മാര്‍.

Related posts