പത്തനംതിട്ട: വിനോദസഞ്ചാരികള്‍ക്കായി വനംവകുപ്പ് അടവിയില്‍ തയാറാക്കിയിട്ടുള്ള ബാം ബുഹട്ട് ഓഗസ്റ്റ് ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ വിനോദസഞ്ചാര പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനു ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. എല്ലാ സംവിധാനങ്ങളുമുള്ള അഞ്ച് ബാംബുഹട്ടുകളാണ് സജ്ജമായിട്ടുള്ളത്. ഒരു ദിവസത്തേക്ക് 4000 രൂപയാണ് ബാംബുഹട്ടിന്റെ വാടക. വനയാത്ര, കുട്ടവഞ്ചി സവാരി, കോന്നി ആനക്കൂട് സന്ദര്‍ശനം എന്നിവ ബാംബുഹട്ടില്‍ താമസിച്ച് ഏര്‍പ്പെടാം. ബുക്കിംഗിനും കൂടുതല്‍ വിവരത്തിനും 0468-2247645, 8547600599, 8547600610 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
ബാംബുഹട്ടില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ജീവനക്കാരെ വനസംരക്ഷണ സമിതിയില്‍നിന്നും തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. ബാംബുഹട്ടിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാന ബാംബൂ കോര്പറേഷന് നിര്‍മാണം പൂര്‍ത്തീകരിച്ച് വനംവകുപ്പിനു കൈമാറിയതാണ് ഹട്ടുകള്‍. വൈദ്യുതീകരണം പൂര്‍ത്തിയാകാത്തതിനാലാണ് ഇവ തുറന്നുകൊടുക്കാന്‍ വൈകിയത്. വനമേഖലയായതിനാല്‍ ഭൂമിക്കടിയിലൂടെയാണ് ഹട്ടിലേക്ക് വൈദ്യുതീകരണം നടത്തിയിരിക്കുന്നത്.
ഗവി ടൂറിസം പ്രചാരം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ആലോചനയിലുണ്ട്. ഗവിയിലേക്കു കടത്തി വിടുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ എണ്ണം അവധി ദിവസങ്ങളില്‍ 50 ഉം സാധാരണദിവസങ്ങളില്‍ 20 ഉം ആയി വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു. നിലവില്‍ അവധി ദിവസങ്ങളില്‍ 30 ഉം സാധാരണ ദിവസങ്ങളില്‍ 10 ഉം വാഹനങ്ങളാണ് കടത്തിവിടുന്നത്. കോന്നി ഗജവിജ്ഞാനോത്സവവും അടവി ഫെസ്റ്റിവലും നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്കി. ഗവി ടൂറിസം സര്‍ക്യൂട്ട് വികസനം സംബന്ധിച്ച ശിപാര്‍ശകള്‍ വനംവകുപ്പിനു സമര്‍പ്പിക്കും.
കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം പദ്ധതി, ഗവി പാക്കേജ്, കാട്ടാത്തി-ചെളിക്കല് ജീപ്പ് സഫാരി തുടങ്ങിയവയുടെ പ്രവര് ത്തനം യോഗം വിലയിരുത്തി. കോന്നി ആനക്കൂട്ടില്‍ പാപ്പാന്മാര്ക്ക് ഡോര്‍മെറ്ററി, അടവിയില്‍ ദിശാ സൂചികകള്‍, കഫറ്റേരിയ, കിച്ചണ്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു.റാന്നി ഡിഎഫ്ഒ ജി.എം. കൊച്ചുകാഞ്ഞിരം, കോന്നി അഡീഷണല്‍ ഡെപ്യൂട്ടി കണ്സ ര്വേറ്റര് ഓഫ് ഫോറസ്റ്റ് പാട്ടീല്‍ സുയോഗ് സുബാഷ് റാവു, കോന്നി റേഞ്ച് ഓഫീസര്‍ നിബു കിരണ്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ. ഷാഹുല്‍ ഹമീദ്, ഡിറ്റിപിസി സെക്രട്ടറി വര്‍ഗീസ് പുന്നന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.