ഇരിങ്ങാലക്കുട: വീസ തട്ടിപ്പു കേസില്‍ അറസ്റ്റിലായ യുവതിവെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ നിന്നാണ് വിസതട്ടിപ്പും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിവരം ലഭിച്ചത്. യുവതിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
ചാലക്കുടി എലിഞ്ഞപ്ര സ്വദേശിനി പടിയത്ത് വീട്ടില്‍ ബാര്‍ബി എന്ന സിബില (25) യാണ് അറസ്റ്റിലായത്. ചാലക്കുടിയില്‍ നിന്നും ഇരിങ്ങാലക്കുട എസ്ഐ എംജെ ജിജോ യും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ഹോട്ടലില്‍ ജോലി ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് വിസക്കു വേണ്ടി ആളുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ദുബായ്, അജ്മാന്, ബെഹ്റിന്‍ എന്നീ രാജ്യങ്ങളിലേക്കാണ് വിസ വാഗ്ദാനം ചെയ്തത്.
ഇരിങ്ങാലക്കുട പുല്ലൂര്‍ പുളിഞ്ചോടില്‍ വീട് വാടകയ്ക്കെടുത്ത് ഇവിടെവച്ച് എഗ്രിമെന്റ് എഴുതി 30 പേരില്‍നിന്നായി അരക്കോടിയോളം രൂപയാണ് തട്ടിയെടുത്തത്. പലരില്‍നിന്നും എണ്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ട്. എറണാകുളത്തു വച്ച് പരിചയപ്പെട്ട യുവാവു വഴിയാണ് യുവതി ഗള്‍ഫിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്. യുവാവുമായി ഇവര്‍ക്കുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ല. യുവതി നല്കിയ മേല്‍വിലാസത്തില്‍ യുവാവിനെ കുറിച്ച് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.
വിസ കൊടുക്കാതെ തട്ടിച്ച പണംകൊണ്ട് പലയിടങ്ങളിലായി വീട് വാടകക്ക് എടുത്ത് ആര്‍ഭാട ജീവിതം നയിച്ച് വരികയായിരുന്നു. 15,000 രൂപ വാടകയുള്ള വീടുകളിലാണ് താമസം. മൂന്ന് ഹോണ്ടസിറ്റി കാറുകളായിരുന്നു ഇന്നലെ അറസ്റ്റുചെയ്യുമ്പോള്‍ യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്നത്.
കബളിപ്പിക്കപ്പെട്ട നിരവധിയാളുകള്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ സമാനമായ രീതിയില്‍ പലസ്ഥലങ്ങളിലും തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ പക്കല്‍ നിന്നും നിരവധി പാസ്പോര്‍ട്ടുകളും ബയോഡാറ്റകളും പോലീസ് കണ്ടെടുത്തു.
എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ചെന്നൈ, ബംഗളുരു, കൊച്ചി എന്നീ സ്ഥലങ്ങളില്‍ ആഡംബര ഹോട്ടലുകളിലും ഇവര്‍ താമസിച്ചിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണിലെ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. വിസതട്ടിപ്പുമായി ബന്ധപ്പെട്ട് ഇവരുടെ മറ്റു ചില ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.