അടൂര്‍: എംഎല്‍എയും മുന്‍ എംഎല്‍എയും തമ്മിലുള്ള മത്സരമാണ് അടൂരില്‍. എല്‍ഡിഎഫിലെ സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാറിനെ നേരിടുന്നത് യുഡിഎഫിലെ മുന്‍ പന്തളം എംഎല്‍എ കെ.കെ. ഷാജുവാണ്. എന്‍ഡിഎയിലെ അഡ്വ.പി. സുധീറും മത്സരരംഗത്തു സജീവമാണ്. ത്രികോണ പോരാട്ടത്തിനൊടുവിലെ വിജയം പ്രവചനാതീതമാകുകയാണ്. അടൂര്‍ സംവരണ മണ്ഡലമായതിനുശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പഴയ അടൂര്‍ മണ്ഡലം 2010ലെ പുനര്‍നിര്‍ണയത്തോടെ ഇല്ലാതായി. പന്തളം നിയമസഭ മണ്ഡലം ഇല്ലാതായതോടെ പന്തളം, പന്തളം തെക്കേക്കര, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകള്‍ അടൂരിന്റെ ഭാഗമായി. കോന്നി മണ്ഡലത്തിലായിരുന്ന കൊടുമണ്‍ പഞ്ചായത്തും അടൂരിന്റെ ഭാഗമായി. അടൂരിലെ ഏനാദിമംഗലം കോന്നിയോടും ചേര്‍ക്കപ്പെട്ടു. 2,05248 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
2011ലെ തെരഞ്ഞെടുപ്പില്‍ അടൂരിന്റെ ചരിത്രംതന്നെ മാറ്റിമറിക്കപ്പെട്ടു. 1991 മുതല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടര്‍ച്ചയായ നാല് തെരഞ്ഞെടുപ്പുകളില്‍ വിജയകിരീടം ചൂടിയ മണ്ണില്‍ മണ്ഡലം പുനര്‍നിര്‍ണയത്തോടെ എല്‍ഡിഎഫിന് ഗുണം ചെയ്തു. 607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിലെ ചിറ്റയം ഗോപകുമാര്‍ വിജയിച്ചത്. സിപിഐയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച മണ്ഡലത്തില്‍ കന്നി അങ്കം കുറിച്ച ചിറ്റയം ഗോപകുമാര്‍ പരാജയപ്പെടുത്തിയത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെയാണ്. 2010ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 9,922 വോട്ടിന്റെ ലീഡ് യുഡിഎഫ് നേടിയ മണ്ഡലത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായത്. കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളും യുഡിഎഫിലെ പടലപിണക്കങ്ങളുമൊക്കെ ചലനമുണ്ടാക്കിയ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടിവരും.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ ലീഡു ചെയ്തിരുന്നു. 1958 വോട്ടിന്റെ ലീഡാണ് മണ്ഡലത്തില്‍ യുഡിഎഫിനു ലഭിച്ചത്. ബിജെപിക്ക് 22,796 വോട്ടും ലഭിച്ചു. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലെ ഫലമാണ് യുഡിഎഫിനു വീണ്ടും തിരിച്ചടിയായത്. എല്‍ഡിഎഫ് മണ്ഡലത്തില്‍ നിന്ന് 61,991 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫിന് 58,701 വോട്ടാണ് ലഭിച്ചത്. ബിജെപി വോട്ടുകള്‍ 28,750 ആകുകയും ചെയ്തു. യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റും കൂടിയായ പി.സുധീറിനെ എന്‍ഡിഎ രംഗത്തിറക്കിയതും ഏറെ പ്രതീക്ഷകളോടാണ്.
മണ്ഡലത്തില്‍ ബിജെപി വോട്ടുകളിലുണ്ടായ വര്‍ധന മുന്നണി ക്യാമ്പുകളിലും സജീവ ചര്‍ച്ചാവിഷയമാണ്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ അടൂര്‍, പന്തളം നഗരസഭകള്‍, കടമ്പനാട്, കൊടുമണ്‍, ഏനാദിമംഗലം, പള്ളിക്കല്‍, ഏറത്ത്, ഏഴംകുളം, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുകളും പള്ളിക്കല്‍, ഏനാത്ത്, കൊടുമണ്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണവുമെല്ലാം എല്‍ഡിഎഫിനു ലഭിച്ചു. അടൂര്‍ നഗരസഭ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും കൈവിട്ടുപോയത് യുഡിഎഫിനേറ്റ കനത്ത ആഘാതമായി.
രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുന്ന ചിറ്റയം ഗോപകുമാര്‍ വികസന പ്രശ്‌നങ്ങളിലൂന്നിയാണ് പ്രചാരണം നയിക്കുന്നത്. മണ്ഡലത്തില്‍ നേടിയ വ്യക്തിബന്ധങ്ങളും പ്രയോജനപ്പെടുമെന്ന് എംഎല്‍എ കണക്കുകൂട്ടുന്നു. റോഡുവികസനം, കുടിവെള്ള പദ്ധതികള്‍, ടൂറിസം, ജനറല്‍ ആശുപത്രി വികസനം എന്നിവ പ്രധാന നേട്ടങ്ങളായി എടുത്തുകാട്ടുന്നു. മുന്നണി ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വിജയപ്രതീക്ഷയ്ക്കു കുറവുണ്ടായിട്ടില്ലെന്നാണ് എല്‍ഡിഎഫ് വിശ്വാസം. മണ്ഡലത്തിലുടനീളം ഒരു റൗണ്ട് ഓട്ടപ്രദക്ഷിണം ചിറ്റയം ഗോപകുമാര്‍ നടത്തിക്കഴിഞ്ഞു.
ജെഎസ്എസ് അംഗമായിരുന്ന കെ.കെ. ഷാജു ഇപ്പോഴത്തെ അടൂരിന്റെ ഭാഗം കൂടിയായ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള പന്തളം മണ്ഡലത്തെയാണ് രണ്ടു തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. അടുത്തകാലത്ത് കോണ്‍ഗ്രസിലെത്തിയ അദ്ദേഹം പാര്‍ട്ടി ടിക്കറ്റില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ ചില അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. മണ്ഡലത്തിലെ സ്വാധീനം ഷാജുവിന് അനുകൂലമാകുമെന്നാണ് യുഡിഎഫ് വിശ്വാസം. കഴിഞ്ഞതവണ മാവേലിക്കരയിലായിരുന്നു ഷാജു മത്സരിച്ചത്. ഇത്തവണ യുഡിഎഫിന് അനുകൂലമായ ഘടകങ്ങള്‍ നിരവധിയുണ്ടെന്നും നേതാക്കള്‍ അവകാശപ്പെട്ടു.