കഴക്കൂട്ടം: കഴക്കൂട്ടം ബസ് സ്റ്റാന്‍ഡ് പരിസരത്തെ അനധികൃത മത്സ്യക്കച്ചവടം തടയാനെത്തിയ പോലീസിന് നേരെ മീന്കച്ചവടക്കരായ സ്ത്രീകളുടെ അസഭ്യ വര്‍ഷം. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴരയോടെ കൂടുതല്‍ പോലീസ് എത്തി കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ മത്സ്യകച്ചവടക്കാരും പോലീസും തമ്മില്‍ ഒരുമണിക്കൂറോളം വാക്കേറ്റവും സംഘര്‍ഷവും നടന്നു. ഇതറിഞ്ഞ് തീരദേശത്ത് നിന്നെത്തിയ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ പോലീസുമായി ഉന്തും തള്ളുമായി. തുടര്‍ന്ന് 2 പേരെ പൊലീസ് പിടികൂടി സ്റ്റഷനിലേക്ക് കൊണ്ടുപോവുകയും സ്ഥലത്തെ മീന്‍കച്ചവടം പൂര്‍ണമായി ഒഴിപ്പിക്കുകയും ചെയ്തു.
ബസു കാത്ത് നില്ക്കുന്ന യാത്രക്കാര്‍ക്കും, വഴിയാത്രകാര്‍ക്കും, സമീപത്തെ കച്ചവടക്കാര്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ് മത്സ്യക്കച്ചവടം. കഴിഞ്ഞ കുറച്ചുകാലമായി മര്യനാടും മറ്റു സ്ഥലങ്ങലില്‍ നിന്നും എത്തുന്ന ഇരുപതോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ കഴക്കൂട്ടം ബസ് സ്റ്റാന്‍ഡിലെ വെയിറ്റിംഗ് ഷെഡും പരിസരവും കൈയേറി റാന്തല്‍ വെളിച്ചത്തില്‍ രാത്രി പത്തു വരെ കച്ചവടം നടത്തും. ഇതോടെ ടെക്നോപാര്ക്കടമുള്ള സ്ഥാപനങ്ങളില്‍ നിന്നെത്തുന്ന നൂറുകണക്കിന് യാത്രകാര്‍ക്ക് ബസു കാത്തുനില്ക്കാന് പറ്റാത്ത അവസ്ഥയാണ്.
മഴപെയ്താല്‍ യാത്രക്കാര്‍ക്ക് വെയ്റ്റിംഗ് ഷെഡില്‍ കയറി നില്ക്കാന് പറ്റില്ല. കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പറ്റാത്ത സ്ഥിതിയുമുണ്ട് . ഇതോടെ ജംഗ്ഷനില്‍ ഗതാഗത കുരുക്കും രൂക്ഷമാകും. തിരക്കേറിയ സ്ഥലത്ത് മത്സ്യക്കച്ചവടം പാടില്ലെന്ന് നാട്ടുകാരും പോലീസും പലതവണ വിലക്കിയെങ്കിലും ചെവികൊണ്ടില്ല. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് അസഭ്യവര്‍ഷമാകും സമ്മാനം.അതേസമയം, തൊട്ടടുത്ത നഗര സഭയുടെ പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കാത്തതിനെതിരേയും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.