മൂവാറ്റുപുഴ: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുകയാണെന്ന വ്യാപക പരാതിയെ തുടര്‍ന്ന് കെട്ടിട ഉടമസ്ഥരുടെ യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് വിളിച്ചുചേര്‍ത്തു. നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന ക്യാമ്പുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രദീപികയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണു ചെയര്‍പേഴ്സണ്‍ കെട്ടിട ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്തത്.
തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും അവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും ചെയര്‍പേഴ്സണ്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് നടപ്പാക്കാതെ പരിസരങ്ങള്‍ മലിനപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന ഉടമസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രാജി ദിലീപ് പറഞ്ഞു. കൂടാതെ തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കാനും നഗരസഭയില്‍ അറിയിക്കാനും കെട്ടിട ഉടമകളെ ചുമതലപ്പെടുത്തി.
ഇതിനുപുറമേ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധനയും കര്‍ശനമാക്കാന്‍ തീരുമാനിച്ചു. പ്രദേശത്തെ സ്കൂളുകളിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്നതിന് മേധാവികള്‍ക്ക് നഗരസഭ കത്തുനല്‍കും. നഗരത്തിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ വിവിധ ഓടകള്‍ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ജലപ്രവാഹം സുഗമമാക്കിയതായും ചെയര്‍പേഴ്സണ്‍ പറഞ്ഞു. റോഡിന് ഇരുവശങ്ങളിലെ കാടുകള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തി തുടര്‍ന്നുവരികയാണ്. കൊതുകുകളെ നശിപ്പിക്കുന്നതിനായി സ്പ്രേയിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരികയായാണ്.
നഗരസഭ പ്രദേശത്തെ കിണറുകളെല്ലാം കുടുംബശ്രീ പ്രവര്‍ത്തകരെ വിനിയോഗിച്ച് ക്ലോറിനേഷന് നടത്തുകയും ഡ്രൈഡേ നടത്തുന്നതിന് ബോധവത്ക്കരണം നടത്തുകയും ചെയ്തതായും സ്ഥിരം സമിതി അധ്യക്ഷ രാജി ദിലീപ് പറഞ്ഞു.