അന്വേഷണം നീളുന്നു, അനന്തമായി…! ജിഷ കൊലക്കേസില്‍ പ്രതിയെ കൈയില്‍ കിട്ടിയിട്ടും കൊലപാതകത്തിന്റെ ദുരൂഹത നീക്കാന്‍ കഴിയാതെ അന്വേഷണ സംഘം; പോലീസില്‍ മുറുമുറുപ്പ്

jishaആലുവ: കേരള പോലീസിന് ചരിത്രത്തില്‍ ഇല്ലാത്തവിധം തീരാ കളങ്കം ചാര്‍ത്തിക്കൊണ്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിന്റെ അന്വേഷണം അനന്തമായി നീളുന്നു. പ്രതിയെ കൈയില്‍ കിട്ടിയിട്ടും കൊലപാതകത്തിന്റെ ദുരൂഹത നീക്കാന്‍ രണ്ടുമാസം പിന്നിടുമ്പോഴും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ആദ്യ അന്വേഷണ സംഘത്തെ ഒന്നടങ്കം മാറ്റി രൂപീകരിച്ച പുതിയ ടീമിനും കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, പോലീസ് തലപ്പത്തെ പല നടപടികളും അന്വേഷണ സംഘത്തിനിടയില്‍ മുറുമുറുപ്പിനിടയാക്കുകയാണ്.

ജിഷ വധക്കേസിന്റെ അന്വേഷണത്തിന് ആദ്യം നേതൃത്വം നല്‍കിയ അന്നത്തെ ഡിജിപി ടി.പി സെന്‍കുമാര്‍ പരാജയമായിരുന്നുവെന്നാണു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍പാകെ ബോധിപ്പിച്ചിരിക്കുന്നത്. ഈ കേസിലെ പോലീസിന്റെ അലംഭാവം സര്‍ക്കാരിന്റെ പ്രതിച്ഛായ തകരാനും ജനങ്ങളില്‍ അരക്ഷിതാവസ്ഥ വളരാനും ഇടയാക്കിയതായും കുറ്റപ്പെടുത്തുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്റെ പല വീഴ്ചകളും ശ്രദ്ധയില്‍പ്പെട്ടിട്ടും പദവിക്കു ചേരാത്തവിധം ഉദ്യോഗസ്ഥരെ ഡിജിപി സംരക്ഷിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണവും സെന്‍കുമാറിനെതിരെ ട്രൈബ്യൂണലിനെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍, ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളിലൂടെ നടത്തിയ തുടരന്വേഷണമാണ് പ്രതി അമീറുള്‍ ഇസ്ലാമിലെത്തിയതെന്നാണു പോലീസിലെ ഒരു വിഭാഗത്തിന്റെ വാദം. കേസില്‍ നിര്‍ണായക വഴിത്തിരിവായ ചെരുപ്പ് ആദ്യ സംഘം കണ്ടെത്തിയതാണ്. അന്യ സംസ്ഥാനക്കാരാണു കൊലയ്ക്കു പിന്നിലെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ നിഗമനത്തിലെത്തിയിരുന്നതാണ്. കേസിലെ പ്രധാന തെളിവുകള്‍ പലതും സംരക്ഷിക്കാന്‍ കഴിയാതെ പോയത് ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്ചയായിരുന്നു. തികഞ്ഞ അലംഭാവത്തോടെ നടത്തിയ ആദ്യ അന്വേഷണങ്ങള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കി.

അന്യസംസ്ഥാനക്കാരനായ പ്രതിയെ പിടികൂടാന്‍ പുതിയ സംഘത്തിനു കഴിഞ്ഞെങ്കിലും ശക്തമായ തെളിവുകളോടെ സ്ഥിരീകരിക്കാനായിട്ടില്ല. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു സമര്‍പ്പിക്കാന്‍ കഴിയുന്ന കേസിലെ പ്രധാന തെളിവായ കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധവും സംഭവസമയം പ്രതി ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദൃക്‌സാക്ഷികളില്ലാത്ത കേസായതുകൊണ്ടു സാഹചര്യവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മൊഴികളിള്‍ ശേഖരിച്ചാണ് അന്വേഷണം ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.

Related posts