വടകര: മഴക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ഓപ്പറേഷന് റെയിന്‍ബോയുമായി പോലീസ് രംഗത്ത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും സ്കൂള്‍-കോളജ് വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് ഓപ്പറേഷന് റെയിന്‍ബോ നടപ്പാക്കുക എന്നു റൂറല്‍ എസ്പി പ്രതീഷ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉത്തരമേഖലാ എഡിജിപി യുടെ നിര്‍ദേശാനുസരണമാണ് പദ്ധതി കോഴിക്കോട് റൂറലില്‍ നടപ്പാക്കുന്നത്. വാഹനങ്ങളുടെ പരിശോധന ഊര്‍ജിതമാക്കുന്നതിനാണ് മുന്‍ഗണന. ബ്രേക്ക്, വൈപ്പര്‍, ഹെഡ് ലൈറ്റ് എന്നിവയുടെ കാര്യക്ഷമത ഉറപ്പുവരുത്തും. ന്യൂനതയുള്ളവര്‍ക്ക് നിശ്ചിത ദിവസത്തി നുള്ളില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നോട്ടീസ് നല്‍കും. സ്കൂള്‍ കൂട്ടികളെകൊണ്ട് പോകുന്ന വാഹനങ്ങള്‍ നിശ്ചിതമാനദണ്ഡമനുസരിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി വാഹനങ്ങള്‍ പരിശോധിച്ച് ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നടത്തും. ഇതോടൊപ്പം മാരത്തോണ്‍, കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം എന്നിവ നടത്തും. വാഹനസുരക്ഷയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകള്‍ തയാറാക്കുന്നുണ്ടെന്നും എസ്പി അറിയിച്ചു.