നെയ്യാറ്റിന്‍കര: നിരത്തുകളില്‍ കൂടി അമിതഭാരവുമായി പോകുന്ന ടിപ്പറുകള്‍ നാട്ടുകാരിലും യാത്രക്കാരിലും ആശങ്ക യുണര്‍ത്തുന്നു.പെരുങ്കടവിള ഗ്രാമപഞ്ചാ യത്തിലുള്‍പ്പെട്ട ക്വാറികളില്‍ നിന്നുള്ള കൂറ്റന്‍ പാറകളുമായി നിരവധി ടിപ്പറുകള്‍ ലക്ഷ്യസ്ഥാന ത്തേയ്ക്ക് ദിവസവും കടന്നു പോകുന്നുണ്ട്. കൂടാതെ, മണ്ണും കല്ലും നിറച്ചുള്ള ടിപ്പറു കളുടെ അമിത വേഗത യിലുള്ള യാത്രയ്ക്കും നാട്ടുകാര്‍ താലൂക്കില്‍ പലയിടത്തും സാക്ഷികളാണ്.
നെയ്യാറ്റിന്‍കര താലൂക്കില്‍ പല പാലങ്ങളും 75 മുതല്‍ 90 വരെ വര്‍ഷം പഴക്കമുള്ളതാണെന്നത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇവയിലൂടെയാണ് അറുപതും എഴുപതും ടണ്‍ ഭാരമുള്ള ലോഡുമായി ടിപ്പറുകള്‍ സഞ്ചരിക്കുന്നത്. മാത്രമല്ല, പഞ്ചായത്തു റോഡുകള്‍ പലതും ഈ ടിപ്പറുകളുടെ നിത്യയാത്ര കാരണം അറ്റകുറ്റപ്പണിക്കു വിധേയമാകേണ്ട സാഹചര്യത്തിലുമാണ്. പത്തു ചക്രങ്ങളുള്ള വാഹനങ്ങളും ലോഡുകളുമായി ഈ പാലങ്ങളിലൂടെയും റോഡുകളിലൂടെയും പോകുന്നതായി ആരോപണമുണ്ട്. കേരളത്തിലെ പഞ്ചായത്തു റോഡുകളില്‍ പത്തു ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്ന് തണല്‍വേദി സന്നദ്ധ സംഘടനയുടെ ജനറല്‍ സെക്രട്ടറി പെരുങ്കടവിള ഉണ്ണികൃഷ്ണന്‍ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാരായമുട്ടത്ത് നടന്ന ടിപ്പര്‍ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ രക്തസാക്ഷികളായ സംഭവം നാട്ടുകാര്‍ ഇപ്പോഴും നടുക്കത്തോടെയാണ് ഓര്‍മിക്കുന്നത്. രാക്ഷസവാഹനങ്ങളെന്നാണ് പലരും ടിപ്പറുകള്‍ക്ക് നല്‍കിയിരിക്കുന്ന വിശേഷണം. ആലത്തൂര്‍, ആങ്കോട് എന്നിവിടങ്ങളിലെ കുത്തനെ ഇറക്കമുള്ള ഇടറോഡുകളിലൂടെ പാറകളുമായി വരുന്ന ടിപ്പറുകളെ കാണുമ്പോള്‍ തന്നെ പേടിയുണ്ടാകുമെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. മാരായമുട്ടം പെരുങ്കടവിള ഹെയര്‍പിന്‍ വളവുകളുള്ള ഇടറോഡില്‍ ലോഡുമായി വരുന്ന ടിപ്പറിന്റെ മുന്നിലേയ്ക്ക് എതിര്‍ദിശയില്‍ നിന്ന് വാഹനം ചെന്നുപെട്ടാല്‍ അപകടസാധ്യതയേറെയാണ്.
സാധാരണ വാഹനം നിയന്ത്രിക്കുന്നതു പോലെ പെട്ടെന്ന് മറ്റു വാഹനത്തിന് സൈഡ് നല്‍കാനോ റോഡില്‍ നിന്ന് വശത്തേയ്ക്ക് ഒഴിയാനോ സാധ്യമല്ല. വാഹനപരിശോധനകള്‍ നഗരപ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുന്നുവെന്നും ആക്ഷേപമുണ്ട്. റോഡിന്റെയും ടിപ്പറിന്റെയുമൊന്നും ഘടന പരിശോധി ക്കാതെയാണ് കൂറ്റന്‍ ലോഡുമായി ടിപ്പറുകള്‍ യാത്ര ചെയ്യുന്നത്. ഇടറോഡുകളില്‍ ടിപ്പറുകള്‍ക്ക് സമയക്രമം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
രാവിലെ എട്ടു മുതല്‍ പത്തു വരെയും വൈകുന്നേരം 3.30 മുതല്‍ ആറു വരെയും ഈ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. മോട്ടോര്‍ വാഹന നിയമങ്ങളും റോഡ് അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും നടത്തേണ്ടതാണെന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള സീനിയര്‍ ഡ്രൈവറും പൊതുപ്രവര്‍ത്തകനുമായ എ. നാഗചന്ദ്രന്‍നായര്‍ ആവശ്യപ്പെട്ടു. അനധികൃത ഖനനം നിയന്ത്രിക്കു ന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നെയ്യാറ്റിന്‍കരയില്‍ സി.കെ ഹരീന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുകൂട്ടിയിരുന്നു. ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും റവന്യൂ, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ മുതലായ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരും യോഗത്തില്‍ പങ്കെടുത്തു.
നിരത്തുകളില്‍ കൂടി അമിത ഭാരവുമായി പോകുന്ന ടിപ്പറുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുകയും ചെയ്തു. നിയമലംഘനം നടത്തുന്ന ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസിന്റെ പ്രതികരണം. അന്നത്തെ യോഗത്തില്‍ 20 ദിവസത്തിനകം അടുത്ത യോഗം വിളിക്കാനും തീരുമാനിച്ചു. പക്ഷെ, ഒരു മാസത്തിലേറെയായിട്ടും യോഗം വിളിച്ചിട്ടില്ലായെന്ന് സന്നദ്ധ സംഘടന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.നിയമസഭ സമ്മേളനം നടക്കുന്ന തിനാലാണ് യോഗം വിളിക്കാത്തതെന്ന് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ രാഷ്ട്രദീപിക യോട് പറഞ്ഞു. വന്‍ലോഡുകളുമായി ടിപ്പറുകള്‍ കടന്നുപോകുന്ന റോഡുകളുടെ അവസ്ഥ ദിവസം കഴിയുന്തോറും കൂടുതല്‍ പരിതാപകരമാവുന്നതായും ആക്ഷേപമുണ്ട്. കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതും സ്ഥിരം കാഴ്ചയായിരിക്കുന്നതായി പറയപ്പെടുന്നു.