അമേരിക്കയിലെ അവക്കാഡോ വിളഞ്ഞു

kar_2ടോം ജോര്‍ജ്

അമേരിക്കയില്‍ നിന്നെത്തിച്ച അവക്കാഡോ ചങ്ങനാശേരിയിലെ വീട്ടുമുറ്റത്ത് വിളഞ്ഞതു 100 മേനി. ചങ്ങനാശേരി മാമ്മൂട് കുര്യച്ചന്‍പടിയിലെ കാരക്കാട് ഓര്‍ച്ചാഡ്‌സിന്റെ ഉടമയായ ജോസഫ് കാരക്കാടാണ് തന്റെ വീട്ടുമുറ്റത്ത് അമേരിക്കന്‍ അവക്കാഡോ വിളയിച്ചത്.

അമേരിക്കന്‍ പൗരത്വമുള്ള ഇദ്ദേഹം ഇവിടെ താന്‍ താമസിക്കുന്ന ഫ്‌ളോറിയില്‍ നിന്നുമാണ് അവക്കാഡോയുടെ ഗ്രാഫ്റ്റ് ചെയ്ത തൈ ചങ്ങനാശേരിയിലെ തന്റെ വീട്ടുമുറ്റത്തെത്തിച്ചത്. മൂന്നു വര്‍ഷം മുമ്പ് നട്ട തൈ രണ്ടാം തവണയാണ് കായ്ക്കുന്നത്. ഇത്തവണ കായ് നിറഞ്ഞതിനാല്‍ ശിഖരങ്ങള്‍ ഒടിഞ്ഞുപോകുകയായിരുന്നു. അടിവളമായി ചാണകപ്പൊടി, പിണ്ണാക്ക് എന്നിവയൊക്കെയിട്ടാണ് നട്ടത്. സൂര്യപ്രകാശം നല്ലതായി വേണ്ട അവക്കാഡോയ്ക്ക് കിലോ 200 രൂപവരെ നിലവില്‍ വിപണി വിലയുണ്ട്.

kar_1

ഡിസംബറില്‍ പൂക്കുന്ന അവക്കാഡോ മേയ്- ജൂണ്‍ മാസങ്ങളില്‍ വിളവെടുപ്പു പരുവമാകും. വെണ്ണപ്പഴം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അവക്കാഡോയ്ക്ക് വെണ്ണയുടെ അതേ രുചി തന്നെയാണ്. വെജിറ്റേറിയന്‍ സാന്‍വിച്ച്, സലാഡ് എന്നിവയില്‍ അവക്കാഡോ ഉപയോഗിക്കുന്നു. ഇറച്ചിക്കു പകരമുള്ള സസ്യകൊഴുപ്പാണ്. എന്നാല്‍ ശരീരത്തിനു ഹാനികരമായ കൊളസ്‌ട്രോള്‍ ഇല്ലെന്ന പ്രത്യേകതയുമുണ്ട് പൊട്ടാസ്യത്തിന്റെ തോത് വളരെ കൂടുതലുണ്ട്. നാരിന്റെ അളവുകൂടുതലുള്ളതിനാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കും. മില്‍ക്ക്‌ഷേക്കിലും ഐസ്ക്രീമിലും ചേരുവയാക്കാം. പഴത്തൊലി വിര നാശിനിയാണ്. അതിസാര ചികിത്സക്കും ഉപയോഗിക്കുന്നു. ഇതിന്റെ ഇല ചവച്ചാല്‍ വായിലെ മോണപഴുപ്പ് മാറി നില്‍ക്കും.

മുറിവുണക്കാന്‍ ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ മതിയാകും. ഇലചൂടാക്കി നെറ്റിയില്‍ വച്ചാല്‍ തലവേദനയ്ക്കു പരിഹാരമാകും. വാര്‍ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും ഇതിനു കഴിവുണ്ട്. അവക്കാഡോ വിത്തില്‍ നിന്നെടുക്കുന്ന എണ്ണ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കുന്നു. ഇത്രയും ഉപയോഗങ്ങളുള്ള ഈപ്പഴത്തൈ കൃഷിക്കായി തെരഞ്ഞടുക്കുമ്പോള്‍ നല്ല തൈ ആണോ എന്നു പരിശോധിക്കണമെന്നു മാത്രം. നൂറിനം അപൂര്‍വ ഫലവൃക്ഷത്തൈകളുടെ ശേഖരവും ജോസഫിനുണ്ട്. ഇതില്‍ ശരീരത്തിനു സുഗന്ധം നല്‍കുന്ന കെപ്പല്‍, ആപ്രിക്കോട്ട്, പുലാസന്‍, മിറക്കിള്‍ ഫ്രൂട്ട്, ബ്രസില്‍ സ്വദേശി മേമി സപ്പോര്‍ട്ട, അമേരിക്കയില്‍ നിന്നെത്തിച്ച ഇലാമ, സലാക്ക് അഥവ സ്‌നേക്ക് ഫ്രൂട്ട്, ബൊറോജ, ഐസ്ക്രീം ബീന്‍സ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.
ഫോണ്‍: ജോസഫ്-9447294236.

Related posts