വടകര: അഴിയൂരില്‍ മദ്യ-മണല്‍ക്കടത്ത് സംഘത്തിന്റേതെന്ന് സംശയിക്കുന്ന കാര്‍ കത്തിനശിച്ചു. ചുങ്കത്തിനു സമീപം വളച്ചട്ടിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മാരുതി കാര്‍ അഗ്നിക്കിരയായത്. ഇന്നലെ രാത്രി കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നത് ഇന്നു രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. തീകൊളുത്തിയതാണെന്നു കരുതുന്നു.
ഈ മേഖലയില്‍ ദീര്‍ഘകാലമായി വിലസുന്ന മണല്‍ക്കടത്ത് സംഘത്തിന്റേതാണ് കാറെന്ന് നാട്ടുകാര്‍ അറിയിച്ചു. പൂഴിത്തല, ആസ്യറോഡ് ഭാഗങ്ങളിലെ കടലോരത്ത് നിന്ന് വന്‍തോതില്‍ മണല്‍ വാരി വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ ഈ മാരുതി കാറും ഉപയോഗിച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം മാഹിയില്‍ നിന്ന് ഇന്റിക്ക കാറില്‍ 214 കുപ്പി മദ്യവുമായി അഴിയൂര്‍ സ്വദേശികളായ രണ്ടു പേരെ വടകര എക്സൈസ് പിടികൂടിയിരുന്നു. ഈ സംഘത്തില്പെട്ടവരുടേതാണ് കത്തിനശിച്ച മാരുതി കാറെന്നു പറയുന്നു.
മദ്യക്കടത്തിനു പുറമെ വന്‍തോതില്‍ മണലും കടത്തി പണം വാരുകയാണ് സംഘം ചെയ്യുന്നത്. ചാക്കൊന്നിനു 130-150 രൂപ നിരക്കിലാണ് മാരുതി കാറില്‍ മണല്‍ എത്തിച്ചിരുന്നത്.ഇത്തരക്കാര്‍ക്കെതിരെ തീരസംരക്ഷണ സമിതി റൂറല്‍ എസ്പി ഉള്‍പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും മണല്‍ക്കടത്തു സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് പോലീസില്‍ ചിലരുടേതെന്ന ആക്ഷേപം പോലുമുണ്ട്. വിവരം അറിയിച്ചാലും വരാന്‍ പോലീസ് കൂട്ടാക്കാറില്ല. ഇന്നലെ രാത്രി കത്തിനശിച്ച മാരുതി കാറിനു യാതൊരു രേഖയുമില്ലെന്നാണ് വിവരം.