തിരുവനന്തപുരം: മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ വിളിക്കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾക്ക് സെക്രട്ടേറിയറ്റ് പരിസരത്ത് വിലക്ക്. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ച ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച മുൻ ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷൻ റിപ്പോർട്ട് സമർപ്പണം കവർ ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഗേറ്റിൽ തടഞ്ഞു. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറുന്നതിനായി ആന്റണി കമ്മീഷൻ സെക്രട്ടേറിയറ്റിൽ എത്തി. റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് വിശദീകരിക്കാൻ കമ്മീഷൻ തയാറായില്ല. സമഗ്രമായ റിപ്പോർട്ടിൽ ശശീന്ദ്രൻ കുറ്റക്കാരനാണോ എന്ന് ഇപ്പോൾ പറയാനാകില്ല.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ പറയും. ഫോൺവിളിയുടെ സാഹചര്യവും ശബ്ദ രേഖയുടെ വിശ്വാസ്യതയെ കുറിച്ചും പരിശോധിച്ചു. നിയമനടപടികളെ കുറിച്ചു റിപ്പോർട്ടിൽ ശിപാർശ ചെയ്യും. മാധ്യമ രംഗത്തെ നവീകരണ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. തൃപ്തികരമായാണ് ജോലി പൂർത്തിയാക്കിയതെന്നും ആന്റണി കമ്മീഷൻ പറഞ്ഞു.
എൻസിപി പ്രതിനിധിയായ എ.കെ. ശശീന്ദ്രന്റെ രാജിയെത്തുടർന്നു മന്ത്രിയായ തോമസ് ചാണ്ടിയും കായൽ കൈയേറ്റം അടക്കമുള്ള നിയമലംഘനത്തിന്റെ പേരിൽ രാജിവച്ചിരുന്നു. കുറ്റവിമുക്തനായി ആദ്യമെത്തുന്ന എൻസിപി പ്രതിനിധിക്കു മന്ത്രിസ്ഥാനം തിരികെ നൽകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ എ.കെ. ശശീന്ദ്രനുമായി ബന്ധപ്പെട്ട ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് ഏറെ ശ്രദ്ധേയമാണ്.