കെ.കെ. അര്ജുനന്
മുളങ്കുന്നത്തുകാവ്: പണിയെടുക്കാന്‍ മടിയുള്ളവര്ക്കുള്ളതാണ് അശോകനെന്ന ഈ പട്ടാളക്കാരന്റെ കഥ. കഥയില്ലത്, ജീവിതമാണ്. തെങ്ങുകയറുന്ന ഈ മുന്‍ പട്ടാളക്കാരന് അതിര്‍ത്തി കാക്കുംപോലെ മെഡിക്കല്‍ കോളജ് കാക്കുകയും തെയ്യം കെട്ടുകയും വസ്ത്രങ്ങള്‍ തുന്നുകയും ചെയ്യും. ജീവിതത്തിന്റെ നല്ലൊരു ഭാഗവും രാജ്യത്തിന്റെ അതിര്‍ത്തി കാത്തു സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വടക്കാഞ്ചേരി കുണ്ടന്നൂര്‍ സ്വദേശിയായ അശോകന് തന്നാല്‍ കഴിയും വിധം എല്ലാ ജോലികളും ചെയ്യും. തൃശൂര്‍ മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനായാണ് ഇപ്പോള്‍ അശോകന് സേവനമനുഷ്ഠിക്കുന്നത്. ഇതിനു പുറമെ തെങ്ങു കയറ്റ തൊഴിലാളിയുടെ റോളിലും വെളിച്ചപ്പാട്, തെയ്യം കെട്ടുന്ന കലാകാരന്, തുന്നല്ക്കാരന് എന്നീ വേഷങ്ങളിലും അശോകന് തിളങ്ങുന്നു.
മെഡിക്കല്‍ കോളജിലെ ജോലി കഴിഞ്ഞാല്‍ നേരെ അടുത്ത സ്ഥലമായ തെങ്ങിന് തോപ്പിലേക്ക് അശോകന് യാത്ര തിരിക്കും. ഒരു ദിവസം യന്ത്രസഹായത്താല്‍ അശോകന് 45ഓളം തെങ്ങുകള്‍ കയറും. പട്ടാളക്കാരന് തെങ്ങുകയറ്റം പഠിച്ചതിന് പിന്നിലൊരു കഥയുണ്ട്. ഒരു വാശിപ്പുറത്താണ് അശോകന് തെങ്ങിന് മുകളിലെത്തിയതെന്നും പറയാം. മൂത്ത മകളുടെ വിവാഹത്തിന് നിറപറയില്‍ വെക്കാന്‍ പൂക്കുല കിട്ടാന്‍ ഏറെ പാടുപെട്ടു.
തെങ്ങുകയറാന്‍ ആളെ കിട്ടാത്തതുകൊണ്ട് പൂക്കുല കിട്ടാന്‍ 28 കിലോമീറ്റര്‍ അകലെയുള്ള ഒരു ആനപ്പറമ്പില്‍ നിന്ന് ഒരു ആനപാപ്പാന് വഴിയാണ് പൂക്കുല മുഹൂര്‍ത്തത്തിന് അഞ്ചു മിനുറ്റ് മുമ്പ് എത്തിച്ചത്. പൂക്കുലയില്ലാതെ നിറപറ വെക്കേണ്ടി വരുമോ എന്ന ടെന്‍ഷന്‍ 21 വര്‍ഷം പട്ടാളത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പോലും ഉണ്ടായിട്ടില്ലെന്ന് അശോകന്റെ വാക്കുകള്‍. അന്ന് ആ കല്യാണപ്പന്തലില്‍ നിന്നുണ്ടായ വാശിയാണ് തെങ്ങുകയറ്റം പഠിക്കണമെന്നത്.
അത്താണി പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തെങ്ങുകയറ്റത്തില്‍ പരിശീലനവും ലഭിച്ചു. പഠിച്ച തൊഴില്‍ അശോകന് ജീവനോപാധിയാക്കി മാറ്റിയതോടെ ഈ മേഖലയില്‍ തെങ്ങുകയറാന്‍ ആളെകിട്ടാനില്ലെന്ന പരാതി കുറെയൊക്കെ ഇല്ലാതായി. അതോടെ പട്ടാളക്കാരന് തെങ്ങുകയറും പട്ടാളക്കാരനായി. 21-ാം വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന അശോകന് ജമ്മുകാശ്മീര്‍, ശ്രീനഗര്‍, നാസിക്, ഗ്വാളിയോര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി 21 വര്‍ഷം സേവനമനുഷ്ഠിച്ചു.
മരത്തംകോട് അയ്യപ്പന് വിളക്കിന് അശോകന് പ്രധാന കോമരമായി (വെളിച്ചപ്പാട്) മാറും. തെയ്യം കലാകാരനും തുന്നല്ക്കാരനുമാണ് അശോകന്. ജോലിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാലാണ് തുന്നല്‍പ്പണി. മെഡിക്കല്‍ കോളജ് എച്ച്ഡിഎസ് ജീവനക്കാരുടെ അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ് ഇപ്പോള്‍ അശോകന്.
രണ്ടാമത്തെ മകളെ ഡോക്ടറാക്കുകയെന്നതാണ് അശോകന് ഇപ്പോഴത്തെ ജീവിതലക്ഷ്യം. മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോള്‍ ഒരുപാട് ഡോക്ടര്‍മാരെ കാണാനും പരിചയപ്പെടാനും സാധിച്ചപ്പോഴാണ് മകളെ ഡോക്ടറാക്കുകയെന്ന മോഹം അശോകനുണ്ടായത്. അതു യാഥാര്‍ത്ഥ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് അശോകന്. പല ജോലികള്‍ ചെയ്ത് വരുമാനമുണ്ടാക്കുന്നത് അതിന്റെ കൂടി ഭാഗമാണെന്ന് അശോകന് പറയാതെ പറയുന്നു. ഭാര്യ ലത എല്ലാ പിന്തുണയും നല്‍കുന്നതോടൊപ്പം വീട്ടില്‍ പച്ചക്കറി കൃഷിയും കോളി വളര്‍ത്തലും ചെയ്യുന്നുണ്ട്. രാപ്പകല്‍ വിശ്രമമില്ലാതെ മെഡിക്കല്‍ കോളജും അമ്പലപ്പറമ്പുകളും തെങ്ങിന്‍പറമ്പുകളും താണ്ടി ദിവസത്തില്‍ ഏറെ നേരവും ജോലിയില്‍ മുഴുകുമ്പോഴും അശോകന് ഹാപ്പിയാണ്.