അസ്‌ലം വധം : പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ സഹോദരന്റെ കട കത്തിച്ചു

KKD-ASLAMനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിന്റെ കൊലപാതകവുമായി ബന്ധപെട്ട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ സഹോദന്റെ തീവച്ച് നശിപ്പിച്ചു. വാണിമേല്‍ ഭൂമിവാതുക്കലിലെ ബ്യൂട്ടി ലാന്‍ഡ് ജന്റ്‌സ് ബ്യൂട്ടി പാര്‍ലറാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ അഗ്നിക്കിരയാക്കിയത്. വാണിമേല്‍ വെള്ളിയോട് സ്വദേശി പാറയുള്ള പറമ്പത്ത് സന്തോഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തി നശിച്ച കട. ഷോപ്പിന്റെ മുന്‍ ഭാഗത്തെ ഷട്ടറിന്റെ റെയിലിനിടയിലൂടെ പെട്രോളോ മറ്റോ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. സന്തോഷിന്റെ സഹോദരനെ കഴിഞ്ഞ ദിവസം അക്രമിസംഘം സഞ്ചരിച്ച കാര്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

വാണിമേല്‍ സ്വദേശിയായ നിസാറില്‍ നിന്നാണത്രെ ഇയാള്‍ കാര്‍ വാടകയ്ക്ക്് എടുത്തത്. ഇത് പിന്നീട് വളയം നിരവുമ്മല്‍ സ്വദേശിക്ക് നല്‍കുകയായിരുന്നു. ഇയാളാണ് കാര്‍ അക്രമികള്‍ക്ക് കൈമാറിയതെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ പോലീസ് തിരയുകയാണ്. ഇന്ന് പുലര്‍ച്ചെ സമീപത്തെ ഹോട്ടല്‍ തുറക്കാനെത്തിയ തൊഴിലാളികളാണ് കട കത്തുന്നത് കണ്ടത്. തുടര്‍ന്ന് വളയം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴോക്കും കട പൂര്‍ണമായി കത്തിച്ചാമ്പലായി. 90000 രൂപ വിലയുള്ള ആറ് കസേരകളും എസി, എല്‍ഇഡി ടിവി എന്നിവയും കത്തി നശിച്ചു.

ആറ് ലക്ഷത്തില്‍പരം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വാണിമേലില്‍ പതിനൊന്ന് മണിവരെ വ്യാപാരി വ്യവസായ സമിതിയും ഏകോപന സമിതിയും ഹര്‍ത്താല്‍ നടത്തി. മേഖലയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ടൗണ്ിലും പരിസരങ്ങളിലും കനത്ത പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. നാദാപുരം സിഐ ജോഷി ജോസ്, വളയം എസ്‌ഐ എം.സി. പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി.

Related posts