ആ വോട്ട് ഇവിടെയുണ്ട്… സാറാമ്മയുടെ പോരാട്ടം വിജയം കണ്ടു; അലച്ചിലിനൊടുവില്‍ വോട്ട് പെട്ടിയിലായി

KTM-SARAMMAഎരുമേലി: പോളിംഗ് ബൂത്തില്‍ ചെന്നപ്പോള്‍ വോട്ടില്ലെന്നറിഞ്ഞ 78 കാരിയായ സാറാമ്മ പീറ്റര്‍ നിരാശയോടെ വീട്ടിലേക്ക് മടങ്ങിയില്ല. നാളിതുവരെ മുടങ്ങിയിട്ടില്ലാത്ത തന്റെ സമ്മതിദാനാവകാശം എന്തു ത്യാഗം ചെയ്തും വിനിയോഗിക്കുമെന്ന ദൃഢനിശ്ചയത്തില്‍ സാറാമ്മക്ക് സഞ്ചരിക്കേണ്ടിവന്നത് 37 കിലോമീറ്റര്‍. മുക്കൂട്ടുതറ അസീസി ആശുപത്രിക്കു സമീപം ഡെറിക് വില്ലയില്‍ താമസിക്കുന്ന കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന സാറാമ്മ പീറ്ററാണ് പ്രായാധിക്യം വകവയ്ക്കാതെ ബൂത്ത് കണ്ടെത്താന്‍ കിലോമീറ്ററുകള്‍ താണ്ടിയത്.

മുട്ടപ്പള്ളി ഗവണ്‍മെന്റ് എല്‍പി സ്കൂളിലായിരുന്നു മുന്‍കാലങ്ങളില്‍ സാറാമ്മയ്ക്ക് വോട്ട് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെതന്നെ ഇവിടെ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല. മുക്കൂട്ടുതറ എംഇഎസ് കോളജിലെ പോളിംഗ് ബൂത്തിലാണ് വോട്ടെന്ന് ഏജന്റുമാര്‍ സാറാമ്മയെ അറിയിച്ചു. മുട്ടപ്പള്ളിയില്‍ നിന്നു ബസില്‍ എംഇഎസ് കോളജില്‍ ഇറങ്ങിയപ്പോള്‍ അവിടെ പോളിഗ് ബൂത്ത് പ്രവര്‍ത്തനരഹിതം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് ഇവിടെ പോളിംഗ് ബൂത്ത് പ്രവര്‍ത്തിക്കാറുള്ളത്.

വിഷമിച്ച് റോഡില്‍ നിന്ന സാറാമ്മയെ നാട്ടുകാര്‍ തൊട്ടടുത്തുള്ള മണിപ്പുഴ ക്രിസ്തുരാജ് എല്‍പി സ്കൂളിലെ പോളിംഗ് കേന്ദ്രത്തെപ്പറ്റി അറിയിച്ചു. നടന്ന് അവിടെയെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ തന്റെ മൊബൈല്‍ ഫോണില്‍ സാറാമ്മയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ എസ്എംഎസ് ചെയ്ത് പോളിംഗ് കേന്ദ്രം ഏതെന്ന് കണ്ടുപിടിച്ചു. എലിവാലിക്കര സെന്റ് മേരീസ് സ്കൂളിലായിരുന്നു സാറാമ്മയുടെ പോളിംഗ് കേന്ദ്രം. ഇവിടേയ്ക്ക് ബസില്ലെന്നറിഞ്ഞ സാറാമ്മ നിവൃത്തിയില്ലാതെ ഓട്ടോറിക്ഷാ പിടിച്ച് എത്തിയപ്പോള്‍ വഴിതെറ്റിയിറങ്ങിയത് തുമരംപാറ ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ പോളിംഗ് ബൂത്തില്‍.

സ്ഥലം തെറ്റിയെന്നറിഞ്ഞ് വീണ്ടും അടുത്ത ഓട്ടോ പിടിച്ച് ഒടുവില്‍ എലിവാലിക്കരയിലെ സ്കൂളിലെത്തി വോട്ട് ചെയ്തിറങ്ങുമ്പോള്‍ സമയം ഉച്ചയ്ക്ക് ഒന്നരയായെന്നു മാത്രമല്ല തിരിച്ചുപോകാന്‍ വണ്ടിക്കൂലിയുമില്ല. സാറാമ്മയുടെ വിഷമം കണ്ട മുന്‍ പഞ്ചായത്തം ഗമാണ് ഓട്ടോക്കൂലി നല്‍കി ഓട്ടോറിക്ഷായില്‍ തിരികെ വീട്ടിലെത്തിച്ചത്. എത്ര വലഞ്ഞെങ്കിലും ആ സങ്കടമെല്ലാം വോട്ട് ചെയ്തപ്പോള്‍  പമ്പകടന്നെന്ന് സന്തോഷത്തോടെ സാറാമ്മ പറഞ്ഞു.

Related posts