ആന്‍സി ടീച്ചറെങ്ങനെ തട്ടിപ്പുകാരിയായി? പോലീസ് സ്റ്റഷനില്‍ കയറുന്നതല്ല കയറാതിരിക്കുന്നതാണ് യൗവനത്തിന്റെ അന്തസെന്ന് ഉപദേശിച്ച ടീച്ചര്‍; മൂക്കത്തുവിരല്‍വച്ച് പൂര്‍വ വിദ്യാര്‍ഥികള്‍

teacherആലുവ: വാഹന ഇടപാടുമായി ബന്ധപ്പെട്ടു നടത്തിയ തട്ടിപ്പിനു ആലുവയിലെ പ്രമുഖ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ കൊച്ചി വെണ്ണല തൈപ്പറമ്പില്‍ ആന്‍സി ഈപ്പന്‍ (56) പിടിയില്‍. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അറസ്റ്റ് വിവരം വെളിപ്പെടുത്താന്‍ പോലീസ് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുചേര്‍ത്തപ്പോള്‍ അവരില്‍ പലരും ആന്‍സി ടീച്ചറുടെ പൂര്‍വ വിദ്യാര്‍ഥികളായിരുന്നു. വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്ന വിദ്യാര്‍ഥികളോട് പോലീസ് സ്റ്റഷനില്‍ കയറുന്നതല്ല കയറാതിരിക്കുന്നതാണ് യൗവനത്തിന്റെ അന്തസെന്ന് ഉപദേശിച്ച ടീച്ചര്‍ പോലീസ് കസ്റ്റഡിയില്‍ തലതാഴ്ത്തി നില്ക്കുന്നതു കണ്ടപ്പോള്‍ അവരില്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. അമ്പത്തിയാറാം വയസില്‍ ടീച്ചര്‍ക്കിതു സംഭവിച്ചല്ലോയെന്ന് പോലീസുകാരില്‍ ചിലരും സഹതപിച്ചു.

മകന്റെ വിവാഹാവശ്യത്തിനു വേണ്ടിയാണെന്ന് പറഞ്ഞാണ് ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്ത് വാഹനം സ്വന്തമാക്കിയത്. ഇതിനായി ബിജു ജോണ്‍ എന്നയാളെ ജാമ്യം നിറുത്തുകയും ചെയ്തു. എന്നാല്‍, തവണകള്‍ അടയ്ക്കാതെ ജാമ്യക്കാരനെയും കബളിപ്പിക്കുകയായിരുന്നു.  കുടിശിഖ വന്നതോടെ ഫിനാന്‍സ് കമ്പനി റിക്കവറി നടപടികള്‍ സ്വീകരിച്ചപ്പോഴാണ് ജാമ്യക്കാരനായ ബിജു ജോണ്‍ ചതിയറിയുന്നത്. ഇയാളുടെ പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ആന്‍സി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്നതിനിടയിലാണ് ആലുവ പോലീസിന്റെ പിടിയിലാകുന്നത്.

വാഹനം വാങ്ങിയ ഉടനെ ആന്‍സി ടീച്ചര്‍ കണ്ണൂരില്‍ പൊളിച്ചുവില്ക്കുന്നതിനായി കൊടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സമാനരീതിയില്‍ കാലടി, പാലാരിവട്ടം എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. പൊളിച്ചുവില്ക്കാനെന്ന വ്യാജേന വാഹനങ്ങള്‍ വാങ്ങി ഇവര്‍ സ്പിരിറ്റ് കടത്തുകാര്‍ക്കും ക്വട്ടേഷന്‍കാര്‍ക്കും നല്കുന്നതായും സൂചനയുണ്ട്.

ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കേന്ദ്രത്തെക്കുറിച്ച് ആലുവ ഡിവൈഎസ്പി ആര്‍. റസ്റ്റത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതിയെ കുടുക്കിയത്. കേസില്‍ വാഹന ബ്രോക്കറായ ഒരാളെക്കൂടി പിടികൂടാനുണ്ട്. പ്രിന്‍സിപ്പല്‍ എസ്‌ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ അബ്ദുള്‍ കരീം, അബ്ദുള്‍ ഖാദര്‍, വനിത സിവില്‍ ഓഫീസര്‍ ഷൈജ ജോര്‍ജ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Related posts