ആഫ്രിക്കന്‍ ഒച്ച് ശല്യം: ഏലൂരില്‍ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

ekm-oachകളമശേരി: ഏലൂര്‍ നഗരസഭയില്‍ ജനജീവിതം ദുസഹമാക്കുന്ന ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാന്‍ നഗരസഭ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് ഏലൂര്‍ നഗരസഭ ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് ചാര്‍ളി ജയിംസിന്റ നേതൃത്വത്തില്‍ ഉപരോധിച്ചത്.

പുത്തലത്ത് കടവ് ജനവാസമേഖലയില്‍ കഴിഞ്ഞ ഒരു മാസമായി ആഫ്രിക്കന്‍ ഒച്ചുകള്‍ ജനജീവിതം ദുരിതമയമാക്കുന്നെന്നും നഗരസഭ യാതൊരു പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വീടുകളുടെ ഭിത്തികള്‍ തുരക്കുന്ന തരം ആഫ്രിക്കന്‍ ഒച്ചുകളാണിവയെന്ന് നിരന്തരം പത്രവാര്‍ത്തകള്‍ വന്നിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് ചാര്‍ളി ജയിംസ്, ഉണ്ണികൃഷ്ണന്‍, നസീറ റസാക്ക് , സാജന്‍ ജോസഫ്, ജാസ്മിന്‍ മുഹമ്മദ്കുഞ്ഞ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

Related posts