പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്നതിനുവേണ്ടി സിപിഎം തയാറാക്കിയ പട്ടിക വെട്ടിച്ചുരുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകയെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മിനുള്ളില്‍ പ്രശ്നങ്ങള്‍ ഉരുണ്ടുകൂടുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രതിഷേധവുമായി രാജിഭീഷണി അടക്കം സിപിഎം നേരിടുകയാണ്.ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുവേണ്ടി സിപിഎം ജില്ലാകമ്മിറ്റിയും സെക്രട്ടേറിയറ്റും ഇതിനോടകം നിരവധി തവണ യോഗം ചേര്‍ന്നിരുന്നു. രണ്ടുതവണ സംസ്ഥാന സമിതിയിലേക്ക് പട്ടിക നല്കി. രണ്ടും മടക്കി അയച്ചു.
ഏറ്റവുമൊടുവില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. തോമസിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിനെ നിര്‍ദേശിച്ചത്. സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരമാണ വീണയെ നിര്‍ദേശിച്ചതെന്നു പറയുന്നു. പട്ടികയിലുണ്ടായിരുന്നു അഞ്ച് സിപിഎം നേതാക്കളെയും രണ്ട് സ്വതന്ത്രരെയും ഒഴിവാക്കിയാണ് പുതുമുഖം വീണ ജോര്‍ജിനെ അവതരിപ്പിച്ചത്. വീണ സ്ഥാനാര്‍ഥിയാകുന്നതിനെ ജില്ലാ സെക്രട്ടേറിയറ്റ ്യോഗത്തില്‍ പങ്കെടുത്ത പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ നിര്‍ദേശമുണ്ടായിരുന്നതിനാല്‍ മറിച്ചൊന്നും പറഞ്ഞില്ല.
നേരം പുലര്‍ന്നതോടെ പത്തനംതിട്ട മുഴുവന്‍ സിപിഎം നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ നിരന്നു. സേവ് സിപിഎം എന്ന പേരില്‍ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ സിപിഎം ജില്ലാ കമ്മിറ്റി രാജിവയ്ക്കണമെന്നാവശ്യവുമുണ്ടായി. വൈകുന്നേരം ഓമല്ലൂരില്‍ പാര്‍ട്ടിയിലെ 40 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടന്നതും നേതൃത്വത്തെ ഞെട്ടിച്ചു. ജില്ലാ സെക്രട്ടേറിയറ്റിന്റെ പട്ടികയിലെ പ്രമുഖനായിരുന്ന കര്‍ഷകസംഘം നേതാവ് ഓമല്ലൂര്‍ ശങ്കരന്റെ തട്ടകത്തിലാണ് പ്രകടനം നടന്നത്. ഓമല്ലൂര്‍ ശങ്കരനു സീറ്റുവേണമെന്നുതന്നെയുള്ള മുദ്രാവാക്യം പ്രകടനത്തിലുണ്ടായി. കെട്ടി ഇറക്കിയ വീണ ജോര്‍ജിനെ അംഗീകരിക്കില്ലെന്നും മുദ്രാവാക്യം വിളിച്ചു.
സിപിഎമ്മിന്റെ കൊടിയും വഹിച്ചാണ് പ്രകടനത്തില്‍ പ്രവര്‍ത്തകരെത്തിയത്. മുന്‍ ഗ്രാമപഞ്ചായത്തംഗം ശശിധരന്, ഓമല്ലൂര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് പ്രസന്നകുമാര്‍, ഡയറക്ടര്‍ ബോര്ഡംഗങ്ങളായിരുന്നവര്, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന പ്രസന്നകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ കുടിലതന്ത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയം വഷളാക്കിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഓമല്ലൂരില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകരാണ് രാജിഭീഷണി മുഴക്കി പത്രം ഓഫീസുകളില്‍ കത്ത് എത്തിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥി പട്ടിക പുനഃപരിശോധിക്കുക, സഭാ സ്ഥാനാര്‍ഥികള്‍ വേണ്ട, ജില്ലാകമ്മിറ്റിയുടെ ഗ്രൂപ്പിസം അവസാനിപ്പിക്കുക, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ജില്ലയിലെ സിപിഎം-കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകളാണ ്മാധ്യമസ്ഥാപനങ്ങള്, പൊതുസ്ഥലങ്ങള്‍ എന്നിവയോടു ചേര്‍ന്ന് പതിപ്പിച്ചിരിക്കുന്നത്.
നേരത്തെയുണ്ടായിരുന്ന പട്ടികയില്‍ ഓമല്ലൂര്‍ ശങ്കരന്, കെ.അനന്തഗോപന്‍, കെ.സി. രാജഗോപാലന്‍, സക്കീര്‍ ഹുസൈന്, ബാബു കോയിക്കലേത്ത് എന്നീ സിപിഎം നേതാക്കളും ഡോ.ജേക്കബ് ജോര്‍ജ്, ഡോ.എം.എസ്. സുനില്‍ എന്നീ സ്വതന്ത്രരുമാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇവരുടെ പട്ടികയില്‍ നിന്ന് ഒരാളെ കണ്ടെത്താന്‍ സംസ്ഥാന സമിതി നിര്‍ദേശിച്ചെങ്കിലും ജില്ലാ സെക്രട്ടേറിയറ്റിന് അതു കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് സംസ്ഥാന സമിതി നേരിട്ട് ഇടപെട്ടത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലേക്ക് വീണ ജോര്‍ജിനെ ഇടതു സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. പത്തനംതിട്ട – കുമ്പഴ സ്വദേശിയായ വീണയുടെ ഭര്‍ത്താവ് കൂടിയായ ഡോ.ജോര്‍ജ് ജോസഫ് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറിയാണ്.
പത്തനംതിട്ട നഗരസഭ മുന്‍ കൗണ്‍സിലര്‍ റോസമ്മ കുര്യാക്കോസിന്റെയും അഡ്വ. കുര്യാക്കോസിന്റെയും മകളാണ ്വീണ.കോന്നിയില്‍ ആര്. സനല്‍കുമാറിന്റെ പേരു മാത്രമായി പട്ടിക നല്കി. ജില്ലാ സെക്രട്ടേറിയറ്റ് പി.ജെ. അജയകുമാര്‍, എം.എസ്. രാജേന്ദ്രന് എന്നിവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി നല്‍കിയെങ്കിലും സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരം സനല്‍കുമാറിന്റെ പേരു മാത്രമായി ചുരുക്കുകയായിരുന്നു. എന്നാല്‍, സനലിനെ കോന്നി നിയോജകമണ്ഡലത്തിലെ ഏരിയ കമ്മിറ്റികള്‍ പൂര്‍ണമനസോടെ സ്വീകരിച്ചിട്ടില്ല. വിവിധ കമ്മിറ്റികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ രംഗത്തുവന്നിരുന്നു.