ഇരിട്ടി: ആറളംഫാമില്‍ നാലര ലക്ഷത്തോളം തേങ്ങ കെട്ടികിടന്ന് നശിക്കുന്നു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവാണ് മഴയായിട്ടും തേങ്ങ നശിക്കാന്‍ കാരണമെന്ന് പറയുന്നു. തേങ്ങ ഒന്നിന് നാലുരൂപ വരെയെ ടെന്‍ഡര്‍ ലഭിച്ചുള്ളുവെന്നും അതുകൊണ്ടാണ് തേങ്ങ കെട്ടികിടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മേല്‍ത്തരം ഗുണമേന്മയുള്ള നാളികേരം മഴ പെയ്ത് തുടങ്ങിയതോടെ മുളച്ച് തുടങ്ങി. ഫാമിന് പുറത്ത് തേങ്ങ പൊതിക്കാത്തതിന് എട്ട് രൂപ വരെയും പൊതിച്ച നാളികേരത്തിന് ഇപ്പോള്‍ കിലോയ്ക്ക് 15 രൂപവരെയും വിലയുള്ളപ്പോഴാണ് ഫാമില്‍ നാളികേരം കുന്നുകൂടി കിടന്ന് നശിക്കുന്നതെന്ന് പറയുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ചതെന്ന ഖ്യാതി കേട്ട ഫാമില്‍ കെടുകാര്യസ്ഥതകാരണം ഫാമിന്റെ നില നില്‍പ്പ് തന്നെ അപകടത്തിലാണ്. രണ്ടര വര്‍ഷം മുമ്പ് അന്നത്തെ സര്‍ക്കാര്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വെളിച്ചെണ്ണ ഫാക്ടറി നിര്‍മാണത്തില്‍ അഴിമതിയും ക്രമക്കേടും കണ്ടതിനെ തുടര്‍ന്ന് ഇതുവരെ തുറക്കാനായിട്ടില്ല. കുരങ്ങുകള്‍ വ്യാപകമായി നാളികേരവും മച്ചിങ്ങയും വരെ നശിപ്പിക്കുന്നുണ്ട്. മറ്റൊരു വശത്ത് കാട്ടാന വ്യാപകമായി തെങ്ങുകളും നശിപ്പിക്കുന്നുണ്ട്.
ജനപ്രതിനിധികള്‍ അടക്കമുള്ള ഒരു ബോര്‍ഡ് ഫാമിനെ നയിക്കണമെന്ന ആവശ്യം ഇതുവരെ ആരും ചെവിക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ മാറി മാറി വരുന്ന ഭരണകക്ഷിക്ക് താത്പര്യമുള്ള ഒരാളെ ഫാമിന്റെ എംഡിയാക്കുയും ഉദ്യോഗസ്ഥ ഭരണവുമാണ് നടക്കുന്നത്. ഫാമില്‍ നാളികേരം ഉള്‍പെടെയുള്ള ഉല്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് സ്ഥിരമായി തട്ടിയെടുക്കുന്ന ചില ലോബികള്‍ ഉള്ളതിനാലാണ് നാളികേരം ഉള്‍പ്പെടെ കൃത്യസമയത്ത് വില്‍ക്കാതെ വച്ചിരിക്കുന്നതെന്നും ജീവനക്കാര്‍ തന്നെ പറയുന്നു. മുളച്ചുപോയി, ആളില്ല തുടങ്ങിയ കാരണത്താല്‍ വിപണിവിലയെക്കാള്‍ കുറച്ച് ഇത്തരം ലോബികള്‍ക്ക് നാളികേരം വിറ്റഴിക്കാനും സാധ്യതയുള്ളതായി പറയുന്നു.