ഷാജന് ആലുവ/ ഋഷി
നിങ്ങള്‍ ഒരു പൂരക്കമ്പക്കാരനാണെങ്കിലും അല്ലെങ്കിലും നിശ്ചയമായും ആറാട്ടുപുഴയ്ക്കു വരണം. പൂരം കൊള്ളണം. കണ്‍നിറയെ മനംനിറയെ പൂരക്കാഴ്ചകള്‍ തരുന്ന ആറാട്ടുപുഴയിലെ ദേവമേളയില്‍ ഒത്തുചേരണം. ജീവിതം പൂര്‍ണമാകണമെങ്കില്‍ ആറാട്ടുപുഴ പൂരം കാണണമെന്ന് വെറുതെ പറയുന്നതല്ല.
ദേശമൊരുങ്ങി
1434-ാമത് ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളാന്‍ ആറാട്ടുപുഴ ശാസ്താ ക്ഷേത്രവും പൂരപ്പാടവും ജനസഞ്ചയവും ഒരുങ്ങിക്കഴിഞ്ഞു. ഭൂമിയിലെ ഏറ്റവും വലിയ ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരം 21നാണ്. മുപ്പത്തിമുക്കോടി ദേവകളുടേയും യക്ഷകിന്നര ഗന്ധര്വാദികളുടെയും സപ്തര്‍ഷികളുടെയും ആത്മീയസാന്നിധ്യം കൊണ്ട് പവിത്രമായ ആറാട്ടുപുഴ ഗ്രാമം പൂരത്തെ വരവേല്ക്കുവാന് ഒരുങ്ങിക്കഴിഞ്ഞു.
പതിനഞ്ച് ആനകള്‍ക്കുള്ള നെറ്റിപ്പട്ടം, കുട, ആലവട്ടം, വെഞ്ചാമരം, മണിക്കൂട്ടങ്ങള്‍, കോലങ്ങള്‍ തുടങ്ങിയ ചമയങ്ങള്‍ സ്വര്‍ണം മുക്കുകയും മോടിപിടിപ്പിക്കുകയും ചെയ്യുന്ന പണികള്‍ അവസാനഘട്ടത്തിലാണ്. ഈ വര്‍ഷം പുതിയ കോലം, കുടകള്‍, ആലവട്ടം, ചാമരം എന്നിവയും ശാസ്താവിന് വഴിപാടായി ലഭിച്ചിട്ടുണ്ട്. കൈപ്പന്തത്തിന് വേണ്ടി വരുന്ന 200 കിലോ തുണി പുഴുങ്ങി അലക്കി തയാറാക്കിക്കഴിഞ്ഞു.
ക്ഷേത്രത്തിലെ എല്ലാ വിളക്കുകളും കൈപ്പന്തത്തിന്റെ നാഴികളും മുപ്പന്തങ്ങളും പുതുക്കി. ക്ഷേത്രത്തിലെ പെയിന്റിംഗ് ജോലികളും പോളിഷിംഗ് പണികളും പൂര്‍ത്തീകരിച്ചു. അലങ്കാരഗോപുരം, ടൂറിസം കെട്ടിടം എന്നിവയുടെ പെയിന്റിംഗ് അവസാനഘട്ടത്തിലാണ്.
മുപ്പത് ഏക്കറിലധികം വരുന്ന പൂരപ്പാടം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് പൂരത്തിന് അനുയോജ്യമാക്കി. പൂരപ്പാടത്ത് തേവര്‍ക്ക് നിലകൊള്ളാനുള്ള ബഹുനില വര്ണപന്തലിന്റെയും ക്ഷേത്രത്തിനു സമീപം ഉയര്‍ത്തുന്ന തേവര് സ്വീകരണപ്പന്തലിന്റെയും പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ചമയ പ്രദര്‍ശന മണ്ഡപം, അന്നദാന മണ്ഡപം എന്നിവയും ഉയര്‍ന്നുകഴിഞ്ഞു.
പൂരപ്പാടത്ത് കുടിവെള്ളത്തിനുപയോഗിക്കുന്ന രണ്ട് കിണറുകള്‍ ശുദ്ധീകരിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളെല്ലാം അതതു പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വൃത്തിയാക്കിക്കഴിഞ്ഞു. പൂരപ്പാടം പ്രകാശപൂരിതമാക്കുന്നതിന്റെയും ദീപാലങ്കാരങ്ങളുടെയുംജോലികള് തുടങ്ങിക്കഴിഞ്ഞു. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതിയാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വംനല്കുന്നത്.
ചരിത്രത്തില്‍ നിറയുന്ന പൂരം
എ.ഡി. 583 ലാണ് പെരുവനം പൂരം ആരംഭിച്ചതെന്ന് ചിലര്‍ പറയുമ്പോള്‍, അതിനെക്കാള്‍ മുമ്പുതന്നെ പൂരം ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത് മുടങ്ങിപ്പോയ പൂരം എ.ഡി. 583ല്‍ പുനരാരംഭിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് മറ്റുചിലരുടെ അഭിപ്രായം. ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്ന് ദേവീദേവന്മാര് ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. കേരളത്തിലെ 56 നാട്ടുരാജാക്കന്മാരും പങ്കെടുത്തിരുന്നു.
പെരുവനത്ത് ഉത്സവത്തിനു വന്നിരുന്ന നൂറ്റെട്ട് ദേവന്മാരെയും ഇവിടെ പണ്ട് എഴുന്നള്ളിച്ചിരുന്നുവത്രെ. കുംഭമാസത്തില്‍ കുട്ടനെല്ലൂര്‍ പൂരം കഴിക്കുന്ന വീമ്പ്, ചേമ്പ്, പനമുക്ക്, വെല്ലോര്‍ക്കാവ്, കുട്ടനെല്ലൂര്‍ എന്നീ ഭഗവതിമാരും മേടത്തില് തൃശൂര്‍ പൂരത്തില്‍ പങ്കുകൊള്ളുന്ന കണിമംഗലം, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുക്കാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ദേവന്മാരും ഒരുകാലത്ത് ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു.
പെരുവനം മഹാദേവക്ഷേത്രത്തില്‍ കുംഭമാസത്തില്‍ ഉത്രം നാളില്‍ കൊടികയറി 28 നാള് കൊണ്ടാടിയിരുന്ന ഉത്സവത്തിന്റെ ആറാട്ടാണ് ആറാട്ടുപുഴ പൂരമായി ആഘോഷിച്ചുവരുന്നത്. നൂറ്റിഎട്ടിലധികം ദേവീദേവന്മാര് പങ്കെടുത്തിരുന്ന ദേവമേളയില്‍ ഇപ്പോള്‍ ഇരുപത്തിനാല് ദേവീദേവന്മാരാണ് പങ്കാളികള്‍. തൃശൂര്‍, കുട്ടനെല്ലൂര്‍ പൂരങ്ങളിലെ പങ്കാളികളും നെന്മാറ-വല്ലങ്കി വേലയിലെ പങ്കാളികളും ആദ്യകാലങ്ങളില്‍ ആറാട്ടുപുഴയില്‍ സമ്മേളിച്ചിരുന്നു. പെരിയാറിനും ഭാരതപ്പുഴക്കുമിടയ്ക്കുള്ള പ്രമുഖ ക്ഷേത്രങ്ങളെല്ലാം ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുത്തിരുന്നുവത്രേ. കാശിവിശ്വനാഥ ക്ഷേത്രം, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും ആറാട്ടുപുഴ പൂരം ദിവസം അത്താഴ പൂജ നേരത്തെ കഴിക്കും എന്നത് ഈ പൂരത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു.
പാണ്ടി – പാഞ്ചാരിമേളങ്ങള്
കാഴ്ചയുടെ പൂരം മാത്രമല്ല ആറാട്ടുപുഴ പൂരം. കേള്‍വിയുടെ, നാദത്തിന്റെ പൂരം കൂടിയാണ്. പാണ്ടിമേളമായാലും പാഞ്ചാരി മേളമായാലും അവ അതിന്റെ പൂര്‍ണതയിലും നിറഞ്ഞ ഭംഗിയിലും കേള്‍ക്കാന്‍ ആറാട്ടുപുഴ പൂരത്തിനെത്തിയാല്‍ മതി. ആറാട്ടുപുഴ ദേവസംഗമത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി-പഞ്ചാരിമേളങ്ങള്‍ക്ക് പത്മശ്രീ പെരുവനം കുട്ടന്മാരാര് നേതൃത്വം നല്‍കും. തിരുവാതിര വിളക്ക്, ആറാട്ടുപുഴ പൂരം ദിവസങ്ങളില്‍ പഞ്ചാരിമേളവും, പെരുവനം പൂരം, തറക്കല്‍ പൂരം എന്നീ ദിവസങ്ങളില്‍ പാണ്ടിമേളവുമാണ് ആസ്വാദകരെ നാദലഹരിയിലാറാടിക്കുക.
മഴ പെയ്യാതിരിക്കാന്‍ താമരമാല
ആറാട്ടുപുഴ പൂരമായാലും തൃശൂര്‍ പൂരമായാലും മഴ വില്ലനാകാതിരിക്കാന്‍ ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ഭഗവാന് താമരമാല വഴിപാട് നേരുക പതിവാണ്. ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് കൊടിയേറ്റം, തിരുവാതിരവിളക്ക്, പെരുവനം പൂരം, തറയ്ക്കല്‍ പൂരം, ആറാട്ടുപുഴ പൂരം, ഗ്രാമബലി എന്നീ ദിവസങ്ങളില്‍ ശ്രീ കൂടല്‍മാണിക്യം ഭഗവാന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ വകയായി താമരമാല ചാര്‍ത്തും. ഈ വഴിപാട് മുന്‍കൂട്ടി ശീട്ടാക്കിക്കഴിഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാല ചാര്ത്തിയാല് മഴയുടെ ശല്യം ഉണ്ടാകില്ലെന്നാണ് പരക്കെയുള്ള വിശ്വാസം.
കൊടിയേറി…ഇനി ആഘോഷം മാത്രം
ആറാട്ടുപുഴ പൂരത്തിന് കൊടിയേറിയതോടെ തട്ടകങ്ങള്‍ക്ക് ഇനി വിശ്രമമില്ല. പൂരത്തിരക്ക് മാത്രം, പൂരവിശേഷം മാത്രം.
ആഘോഷങ്ങളേക്കാള്‍ ചടങ്ങുകള്‍ക്ക് പ്രാധാന്യമുള്ളതാണ് ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിധ്യമുള്ള ഈ പൂരമഹോത്സവം കാണാന്‍ യക്ഷകിന്നരഗന്ധര്‍വ്വാദികളും പിശാചരക്ഷോഗണങ്ങളും ആറാട്ടുപുഴ പൂരപ്പാടത്തെത്തും എന്നാണ് വിശ്വാസം.
ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് സര്‍വ്വാഭരണ വിഭൂഷിതനായി 15 ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളുമ്പോള്‍ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. എല്ലാവീഥികളിലൂടെയും വിദേശികളടക്കമുള്ള പൂരപ്രേമികള്‍ ആറാട്ടുപുഴയിലേക്കൊഴുകുകയായി. 250ല്‍പരം പ്രമുഖ വാദ്യകലാകാരന്മാര് കയ്യും മെയ്യും മറന്ന് അവതരിപ്പിക്കുന്ന വിശ്വപ്രസിദ്ധമായ പഞ്ചാരിമേളം പ്രപഞ്ചസീമകള്‍ ലംഘിക്കുമ്പോള്‍ ആസ്വാദകരില്‍ താളപ്രപഞ്ചം മഹാസാഗരമായി അലയടിക്കും.
മേളങ്ങളുടെ രാജാവായ പഞ്ചാരിമേളം കൊട്ടിക്കലാശിച്ചാല്‍ മാനത്ത് ദീപക്കാഴ്ച്ചയൊരുക്കി ദിഗന്തങ്ങള്‍ മുഴങ്ങുന്ന ഗംഭീരവെടിക്കെട്ട്. എഴുന്നള്ളി നില്ക്കുന്ന 15 ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയില്‍ ശാസ്താവ് ഏഴുകണ്ടംവരെ പോകുന്ന കാഴ്ച വര്‍ണനാതീതമാണ്. തേവര് കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്നാരായാനായി മാത്രമാണ് ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നതത്രേ. മടക്കയാത്രയില്‍ ശാസ്താവ് നിലപാടുതറയില്‍ ഏവര്‍ക്കും ആതിഥ്യമരുളി നിലപാടു നില്ക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തില്‍ ചാത്തക്കുടം ശാസ്താവിന് നിലപാടുനില്‍ക്കാന്‍ ഉത്തരവാദിത്വമേല്‍പ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്കെഴുന്നള്ളുന്നു.
ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാല്‍ ദേവീദേവന്മാരുടെ പൂരങ്ങള്‍ ആരംഭിക്കുകയി. തേവര് കൈതവളപ്പിലെത്തുന്നതുവരെ ഈ എഴുന്നള്ളിപ്പുകള്‍ തുടരുന്നു. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്ക്കും മധ്യേ തെക്കുവടക്കു കിടക്കുന്ന നടയിലും പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ പാടത്തുമാണ് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ട് ഈ എഴുന്നള്ളിപ്പുകള്‍ നടക്കുന്നത്. താളമേളങ്ങളുടെ പര്യായമാര്ന്ന ഈ പാണ്ടി-പഞ്ചാരിമേളങ്ങള്‍ ആസ്വദിക്കാനും ദേവീദേവന്മാരെ കൈകൂപ്പിവണങ്ങാനും പൂരപ്രേമികളുടെ അണമുറിയാത്ത പ്രവാഹം.
ഗ്രാമബലിയോടെ കൊടിയിറക്കം
ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി 22നാണ്. ഗ്രാമത്തിന്റെ രക്ഷയാണ് ഗ്രാമബലികൊണ്ട് ഉദ്ദേശിക്കുന്നത്. തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് ഏകദേശം ഒമ്പതുമണിക്ക് യാത്രയാകുന്ന ചടങ്ങാണ് പിന്നീട്. വില്ലൂന്നി തറ, ജലാശയം, ക്ഷേത്രം, നാല്‍വഴിക്കൂട്ട്, പെരുവഴി ഉത്തമ വൃക്ഷം, ഗ്രാമത്തിന്റെ നാലതിരുകള്‍ എന്നിവിടങ്ങളിലൊക്കെ തന്ത്രി ബലി തൂവണം. ആറാട്ടുപുഴയില്‍ നിന്നു പുറപ്പെട്ടാല്‍ വിശാലമായ പാടത്തുകൂടി കൊറ്റം കുളങ്ങര, മൈമ്പിള്ളി, ഊരകം, കടായ് കുളങ്ങര, അയിനിക്കാട്, മുത്തുള്ളിയാല്, ചേര്‍പ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപ്പറമ്പ്, പിഷാരിക്കല്‍, തൊട്ടിപ്പാള്‍, മുളങ്ങ് എന്നീ ക്ഷേത്രങ്ങളിലും ബലിതൂവുന്നു. ഗ്രാമത്തിന്റെ എല്ലാദിക്കിലും ശാസ്താവ് സഞ്ചരിച്ച് ഗ്രാമീണരെ രക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. എഴുന്നള്ളുന്ന വഴികളിലെല്ലാം കോലം വരച്ച് നിലവിളക്കും വെള്ളരിയും നാളികേരവും തോരണങ്ങളും ചാര്‍ത്തി ആറാട്ടുപുഴ ശാസ്താവിനെ ഭക്ത്യാദരങ്ങളോടെ എതിരേല്ക്കും.
ഗ്രാമബലിക്കു ശേഷം വെളുപ്പിന് ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിക്കുന്നു. ശാസ്താവ് ശ്രീ കോവിലിലേക്ക് എഴുന്നള്ളിക്കഴിഞ്ഞാല് കൊടിമരം ഇളക്കി മാറ്റും. ഇതോടുകൂടി പൂരത്തിന്റെ എല്ലാ ചടങ്ങുകളും അവസാനിക്കുകയായി.
ഇനി അടുത്ത പൂരത്തിന് കാണാമെന്ന പ്രതീക്ഷകളോടെ പൂരക്കാഴ്ചകള്‍ ഉഴുതുമറിച്ച പൂരപ്പാടത്തു നിന്നു പതിയെ മടങ്ങാം. മനസില്‍ ദേവമേളയുടെ രാപ്പന്തങ്ങള്‍ നിറഞ്ഞു കത്തുന്നു… പാണ്ടിയും പഞ്ചാരിയും ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കുന്നു.. ഒരാണ്ടു മുഴുവന്‍ മനസില്‍ തിടമ്പേറ്റാന്‍ ഈ ഒരൊറ്റ പൂരം മതി.