ചേര്‍പ്പ്: വാട്സ് അപ് ഗ്രൂപ്പുകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഇക്കാലത്ത് രാമവര്‍മപുരം ആശാഭവനില്‍ സ്നേഹതീരം വാട്സ് അപ് ഗ്രൂപ്പ് ഒരുക്കിയ സ്നേഹത്തിരുവോണം ആരോരുമില്ലാത്തവര്‍ക്ക് ആഘോഷമായി. ആശാഭവനിലെ ആരോരുമില്ലാത്ത 70 അന്തേവാസികള്‍ക്കൊപ്പമാണ് സ്നേഹതീരം വാട്സ് അപ് ഗ്രൂപ്പ് ഓണം ആഘോഷിച്ചത്.
വാട്സ്അപ് ഗ്രൂപ്പിലെ അംഗങ്ങള്‍ സമാഹരിച്ച 25,000 രൂപകൊണ്ടാണ് ഇവര്‍ ആശാഭവനിലുള്ളവര്ക്കൊപ്പം ഓണം ആഘോഷിച്ചത്. ഓണസദ്യയൊരുക്കിയും മധുരം വിളമ്പിയും ഒരുമിച്ചിരുന്ന് സദ്യകഴിച്ചും എല്ലാ അന്തേവാസികള്‍ക്കും ഓണക്കോടികള്‍ നല്‍കിയും ഓണപ്പാട്ടുകള്‍ പാടിയുമൊക്കെയായിരുന്നു ആഘോഷം. സ്ത്രീകളും പുരുഷന്മാരും വിദ്യര്‍ഥികളും അടക്കം വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 125 അഗങ്ങളാണ് സ്നേഹതീരം എന്ന വാട്സ് അപ്പ്ഗ്രൂപ്പില്‍ ഉള്ളത്.