കണ്ണൂര്‍: അധികാരമുള്ള മുഖ്യമന്ത്രിയാണു പിണറായി വിജയനെങ്കില്‍ വിവരമില്ലാത്ത കായികമന്ത്രി ഇ.പി. ജയരാജനെ തത്സ്ഥാനത്തുനിന്നു മാറ്റാന്‍ തയാറാകണമെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. ലോക കായികപ്രതിഭയായ മുഹമ്മദലി ആരെന്നറിയാത്ത ജയരാജന് കേരളത്തിന് അപമാനമാണെന്നും മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ സുധാകരന് പറഞ്ഞു.
പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്ക് പുനരുജ്ജീവിപ്പിക്കുമെന്ന ജയരാജന്റെ പ്രസ്താവന അറിവില്ലായ്മയാണ്. കേന്ദ്ര പരിസ്ഥിതി വകുപ്പിന് കീഴില്‍ വരുന്നകാര്യമാണു കണ്ടല്‍ പാര്‍ക്ക്. അതുപോലുമറിയാതെയാണു ജയരാജന് പ്രസ്താവന നടത്തുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായതുകൊണ്ടും ജയരാജന് വ്യവസായമന്ത്രിയായതുകൊണ്ടും മാത്രം പാര്‍ക്ക് തുടങ്ങാനാകില്ല. കച്ചവടതാത്പര്യം കണ്ടുകൊണ്ടാണു പാര്‍ക്ക് തുടങ്ങിയത്. ഇതിനായി വ്യാപകമായി പണപിരിവ് നടത്തിയിരുന്നു.
പാര്‍ക്ക് തടസപ്പെട്ടിട്ടും പണം തിരിച്ചുകൊടുത്തിട്ടില്ല. പണം നല്‍കിയവര്‍ക്കു പ്രതീക്ഷ നല്കുന്നതിനുവേണ്ടിയാണു വീണ്ടും കണ്ടല്‍പാര്‍ക്ക് തുടങ്ങുമെന്ന ജയരാജന്റെ പ്രസ്താവനയെന്നും സുധാകരന് പറഞ്ഞു. മന്ത്രിയായെങ്കിലും സാംസ്കാരികമായി മാറ്റമൊന്നും ജയരാജനില്‍ വരാത്തതുകൊണ്ടാണ് എന്നെ കാണ്ടാമൃഗമെന്നു വിളിച്ചത്. കാണ്ടാമൃഗമാരാണെന്നു ജനങ്ങള്‍ തിരിച്ചറിയുമെന്നും സുധാകരന് പറഞ്ഞു.