ഇംഗ്ലണ്ട് – ന്യൂസിലന്‍ഡ് ആദ്യസെമി ഇന്ന്

sp-twentyന്യൂഡല്‍ഹി: സെമിയില്‍ കാലിടറുന്നവരെന്ന ദുഷ്‌പേര് മായിച്ചുകളയാന്‍ കിവികള്‍ക്കാകുമോ? അതോ ഇംഗ്ലീഷ് വസന്തത്തിനു മിഴിതുറക്കുമോ? ട്വന്റി-20 ലോകകപ്പിലെ ആദ്യസെമിയില്‍ ന്യൂസിലന്‍ഡ് ഇന്ന് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ പ്രതീക്ഷിക്കാം, മറ്റൊരു ത്രില്ലര്‍ പോരാട്ടം.തലകൊണ്ട് കളിക്കുന്ന രണ്ട് ക്യാപ്റ്റന്മാരുടെ പോരാട്ടംകൂടിയാണിന്ന്. ആരുടെ ബുദ്ധി ഫലം കാണുമെന്ന് രാത്രി 7.00 മുതല്‍ കണ്ടറിയാം.

ന്യൂസിലന്‍ഡിന്റെ മുന്നേറ്റം ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. സ്പിന്നറുമാരായ ഇഷ് സോധിയും മിച്ചല്‍ സാന്റ്‌നറും. ഈ ലോകകപ്പില്‍ ഏവരെയും ഞെട്ടിച്ച രണ്ടു താരങ്ങള്‍. ഇരുവരും ഈ ലോകകപ്പില്‍ പങ്കിട്ടത് 17 വിക്കറ്റുകള്‍. ബാറ്റിംഗില്‍ പക്ഷേ അത്ര മെച്ചമല്ല കാര്യങ്ങള്‍. ഐപിഎല്‍ ടീമുകള്‍ അയിത്തം കല്പിച്ച മാര്‍ട്ടിന്‍ ഗപ്റ്റില്‍ മാത്രമാണ് സ്ഥിരത പ്രകടിപ്പിക്കുന്ന താരം. നല്ല തുടക്കങ്ങള്‍ അപൂര്‍ണമായി അവസാനിപ്പിക്കുകയാണ് ക്ലാസിക് വില്യംസണ്‍.

അലക്‌സ് ഹെയ്ല്‍സ്, ജേസണ്‍ റോയ് തുടങ്ങി ജോസ് ബട്‌ലറിലൂടെ മോയീന്‍ അലിയില്‍ അവസാനിക്കുന്ന ബാറ്റിംഗ് നിരയാണ് ഇംഗ്ലീഷ് ടീമിന്റെ ശക്തി. ബൗളിംഗിലാണ് കുറച്ചെങ്കിലും പ്രശ്‌നമുള്ളത്. ഡേവിഡ് വില്ലിയും ലിയാം പ്ലങ്കറ്റും അത്ര അപകടകരമായിട്ടല്ല പന്തെറിയുന്നത്. മഴക്കാലത്തെ കറന്റിന്റെ അവസ്ഥ പോലെയാണ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. വിക്കറ്റ് വീഴ്ത്തിയാല്‍ വീഴ്ത്തി എന്നതാണ് അവസ്ഥ.

ഫിറോസ് ഷാ കോട്‌ലയിലെ പിച്ച് വേഗംകുറഞ്ഞതും അപ്രതീക്ഷിത ബൗണ്‍സിന് പേരുകേട്ടതുമാണ്.  തുടക്കത്തില്‍ ബാറ്റിംഗിനെയും കളി പുരോഗമിക്കുമ്പോള്‍ സ്പിന്നര്‍മാരെയും തുണയ്ക്കുന്ന പിച്ചാണ് തയാറാക്കിയിരിക്കുന്നത്. മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലവസ്ഥ പ്രവചനം.

Related posts