ഇങ്ങനെയാകണം വിദ്യാലയങ്ങള്‍; മഴവെള്ള കൊയ്ത്തിലൂടെ നീന്തല്‍ക്കുളം, പച്ചക്കറി കൃഷി..

pkd-kulamഅലനല്ലൂര്‍: സമൃദ്ധമായ മഴയിലൂടെ നാം പഴാക്കികളയുന്ന മഴവെള്ളം വിദ്യാര്‍ഥികള്‍ക്ക് പഠനാര്‍ഹമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനായി എടത്തനാട്ടുകര ടിഎഎംയുപി സ്കൂളില്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന മഴക്കൊയ്ത്ത് പദ്ധതി വേറിട്ട കാഴ്ച്ചയായി. വിശാലമായ വിദ്യാലയ മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം മുഴുവനായും പ്രത്യേകം തയ്യാറാക്കിയ ചെലവുകുറഞ്ഞ സംഭരണിയില്‍ എത്തിച്ചാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്.

പ്രീ പ്രൈമറി മുതല്‍ ഏഴാംക്ലാസ് വരെ 950-ല്‍പരം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ നീന്തല്‍ അറിയാത്ത കുട്ടികള്‍ക്ക് ഇതിനായുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഇതിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ 150 കുട്ടികള്‍ക്ക് പരിശീലനം ആരംഭിച്ചുകഴിഞ്ഞു.40 അടി നീളവും 20 അടി വീതിയും ഒന്നരമീറ്റര്‍ താഴ്ച്ചയുമുള്ള നീന്തല്‍കുളത്തില്‍ ഏകദേശം ഒരുലക്ഷം ലിറ്റര്‍ വെള്ളം ഇതിനോടകം സംഭരിച്ചു. സ്കൂള്‍ മൈതാനത്തോടു ചേര്‍ന്ന് പ്രത്യേകം കുഴിയെടുത്ത് അതില്‍ ജലസംഭണികളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന മുംബൈയില്‍നിന്ന് പ്രത്യേകം വരുത്തിയ സില്‍പ്പോളിന്‍ ഷീറ്റ് വിരിച്ചാണ് നീന്തല്‍ക്കുളം ഒരുക്കിയിരിക്കുന്നത്.

അധ്യാപകരും പൂര്‍വവിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് നീന്തല്‍ പരിശീലനത്തില്‍ കുട്ടികളെ സഹായിക്കുന്നത്.ഒഴിവ് പിരിയേഡുകള്‍ ക്രമീകരിച്ച് പ്രത്യേകം ഗ്രൂപ്പുകളാക്കിയാണ് കുട്ടികള്‍ക്ക് പരിശീലനം. നീന്തല്‍ പരിശീലനത്തിനുശേഷം കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യവളര്‍ത്തല്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. സ്കൂളിലെ ഉച്ചഭക്ഷണാവശിഷ്ടങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും. കൂടാതെ കുളത്തില്‍ താമര, ആമ്പല്‍, വിവിധതരം പായലുകള്‍ എന്നിവ വളര്‍ത്തി പരിസ്ഥിതി ശാസ്ത്രപഠനത്തിനുള്ള ഇക്കോ-സിസ്റ്റം തയാറാക്കാനും പദ്ധതിയുണ്ടെന്ന് കണ്‍വീനര്‍ ടി.കെ.മുഹമ്മദ് അറിയിച്ചു.കൂടാതെ ജലവൈദ്യുതപദ്ധതിയുടെ മാതൃകയും പ്രവര്‍ത്തനവും പരിചയപ്പെടുത്തുന്നതിനായും  കുളത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്.

ഇതിനായി ടര്‍ബൈനും അനുബന്ധ സംവിധാനങ്ങളും പിടിഎ പ്രസിഡന്റ് എം.കെ.യാക്കൂബിന്റെ നേതൃത്വത്തില്‍ തയാറാക്കി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു വൈദ്യുതിയുണ്ടാക്കി.എടത്തനാട്ടുകര ടിഎഎംയുപി.സ്കൂളിലെ മഴകൊയ്ത്തു പദ്ധതിയുടേയും നീന്തല്‍ പരിശീലനത്തിന്റെയും ഉദ്ഘാടനം ഇന്നുരാവിലെ രാവിലെ 10ന് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍് റസ്ക്യൂ എസ്‌ഐ നിര്‍വഹിക്കും. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളുടെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളുടെ പരിചയപ്പെടുത്തലും പ്രദര്‍ശനവും നടക്കും.

Related posts