ഇടിച്ചത് ബസല്ല…! ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ച കേസില്‍ വഴിത്തിരിവ്, പിക്കപ്പ് ഡ്രൈവര്‍ അറസ്റ്റില്‍; ബസ് ഡ്രൈവര്‍ക്കെതിരായ കേസ് ലഘൂകരിക്കും

കോഴിക്കോട്: വെസ്റ്റ്ഹില്‍ ചുങ്കത്തിനു സമീപം വച്ച് നടക്കാവ് പണിക്കര്‍ റോഡ് ജ്യോതിസ് നിവാസില്‍ അലോഷ്യസ് ജെയിംസ് (21) ബസിനടിയില്‍പ്പെട്ട് മരിച്ച കേസില്‍ വഴിത്തിരിവ്. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഒരു പിക്കപ്പ് വാനിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. അത്തോളി വി.കെ. റോഡ് സ്വദേശി ഷിബില്‍നാഥ് (28)നെയാണ് നടക്കാവ് സിഐ മൂസ വള്ളിക്കാടന്‍ കസ്റ്റഡിയിലെടുത്ത്് അറസ്റ്റുചെയ്തത.്

അമിത വേഗം ചോദ്യം ചെയ്തതു നിസാരവത്കരിച്ച് മുന്നോട്ടെടുത്ത അനഘ ബസിന്റെ ഡ്രൈവറെ വീണ്ടും ചോദ്യം ചെയ്യാന്‍ അലോഷ്യസ് പിന്തുടര്‍ന്നു വരവേ, കോഴിക്കോട് നിന്നും എലത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് അനഘ ബസിന്റെ മുന്നിലേക്ക് വീണുവെന്നുമാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തല്‍. കോണ്‍ക്രീറ്റ് യന്ത്രവുമായി എലത്തൂര്‍ ഭാഗത്തേക്കു പോകുകയായിരുന്നു പിക്കപ്പ്. ഡ്രൈവര്‍ക്കുപുറമേ ഏതാനും നിര്‍മാണതൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു.

ഡ്രൈവറും തൊഴിലാളികളും ബൈക്കിന്റെ അമിത വേഗത്തെക്കുറിച്ച് മൊഴി നല്കിയിട്ടുണ്ട്. ബൈക്കിന്റെ സ്റ്റാന്‍ഡ് താഴ്ത്തിയിട്ട നിലയിലായിരുന്നുവെന്നും തൊഴിലാളികള്‍ മൊഴി നല്കിയിട്ടുണ്ട്. എതിര്‍ദിശയില്‍ വന്ന ബൈക്ക് പിക്കപ്പില്‍ ഇടിച്ചതിന്റെ അടയാളങ്ങളും ശാസ്ത്രീയ പരിശോധയില്‍ കണ്ടെത്തി. പെട്ടെന്ന് ബ്രേക്ക് ചെയ്ത പിക്കപ്പിന്റെ ടയര്‍ പഞ്ചറാകുകയും ചെയ്തിരുന്നു.

ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത അലോഷ്യസും ബസിന്റെ ഡ്രൈവര്‍ സന്ദീപും തമ്മില്‍ ഒരു തവണ വാക്കേറ്റം നടന്നിരുന്നു. അലോഷ്യസിനെ അവഗണിച്ച് കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുവന്ന അനഘ ബസിനെ അലോഷ്യസ് പിന്തുടര്‍ന്ന് വരിയായിരുന്നുവെന്ന് ദൃക്് സാക്ഷികളും മൊഴി നല്കിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനയില്‍ കൂടുതല്‍ വ്യക്തത കൈവന്നതോടെ, നേരത്തേ അറസ്റ്റിലായ സന്ദീപിന്റെ പേരില്‍ ചുമത്തിയ 304ാം വകുപ്പ് 304 എ ആയി ലഘൂകരിക്കപ്പെടുമെന്നും പിക്കപ്പ് ഡ്രൈവറെ ഇതേ വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും സിഐ മൂസ വള്ളിക്കാടന്‍ പറഞ്ഞു. സന്ദീപ് ഓടിച്ച ബസിടിച്ച് കഴിഞ്ഞവര്‍ഷം ഒരു സ്ത്രീ മരിച്ചിരുന്നു. അലോഷ്യസ് മരിച്ച സംഭവത്തില്‍ ആദ്യം ട്രാഫിക് പോലീസ് 304 എ വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരുന്നത്. അലോഷ്യസിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് അന്വേഷണം ലോക്കല്‍ പോലീസിനു കൈമാറുകയും കേസിന്റെ വകുപ്പ് മാറ്റുകയുമാണുണ്ടായത്.

Related posts