ഇടുക്കിയില്‍ മഴ ഗണ്യമായി കുറഞ്ഞു; വൈദ്യുതി മേഖലയില്‍ കനത്ത പ്രതിസന്ധിക്ക് സാധ്യത

bis-mazhaതൊടുപുഴ: സംസ്ഥാനത്തിന്റെ ഊര്‍ജോല്‍പാദന കേന്ദ്രമായ ഇടുക്കിയില്‍ മഴ ഗണ്യമായി കുറഞ്ഞത് വൈദ്യുതി മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സൂചന. അണക്കെട്ടുകളില്‍ വേനല്‍ക്കാലത്തേക്കുള്ള കരുതല്‍ ജലശേഖരത്തെ മഴക്കുറവ് ഗുരുതരമായി ബാധിക്കും. വരുന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിവിശേഷമാകും ഇതിലൂടെ സംജാതമാകുക.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലുമായി മഴ സമൃദ്ധമായി ലഭിക്കുന്ന ജൂണ്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31വരെ കാലയളവില്‍ ഇടുക്കിയില്‍ ഉല്‍പാദനം പരമാവധി കുറച്ച് വേനല്‍ക്കാലത്തെ വൈദ്യുതി ഉല്‍പാദനത്തിനായി ഡാമുകളില്‍ ശേഖരിക്കുകയാണ് മുന്‍ വര്‍ഷങ്ങളിലെ പതിവ്. ഈസമയം യൂണിറ്റിന് പരമാവധി അഞ്ചുരൂപയേ ഉള്ളൂ എന്നതിനാല്‍ പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങി സംസ്ഥാനത്തിന്റെ കുറവ് പരിഹരിക്കും. എന്നാല്‍, വേനല്‍ക്കാലത്ത് യൂണിറ്റിന് 20രൂപ വരെ നല്‍കേണ്ടിവരും.

ഈസമയത്ത് അണക്കെട്ടുകളില്‍ നേരത്തേ ശേഖരിച്ച ജലം ഉപയോഗിച്ച് സംസ്ഥാനത്തുതന്നെ പരമാവധി ഉല്‍പാദിപ്പിക്കും. എന്നാല്‍, ഇത്തവണ ഇടുക്കി ജില്ലയില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം മഴ 39 ശതമാനം കുറവാണ്. അതിനാല്‍, ഡാമുകളിലെല്ലാം മുന്‍വര്‍ഷം ഇതേസമയത്തെ അപേക്ഷിച്ച് ജലനിരപ്പ് വളരെ താഴെയാണ്. ഇടുക്കി ഡാമില്‍ ഇന്നലെ 2349.44 അടിയാണ് ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേസമ യത്തേക്കാള്‍ 13 അടി കുറവ്. ഇത് സംഭരണശേഷിയുടെ 45.39 ശതമാനമേയുള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ ഇതേസമയം 75 ശതമാനം വരെ ഉണ്ടാകുമായിരുന്നു.

മൂലമറ്റത്ത് വൈദ്യുതോല്‍പാദനം പരമാവധി കുറച്ച് ഇടുക്കിയിലുള്ള വെള്ളം വേനല്‍ക്കാലത്തേക്ക് സംഭരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇന്നലെ 2.883 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു മൂലമറ്റത്ത് ഉല്‍പാദനം. മഴക്കുറവുമൂലം മുന്‍വര്‍ഷങ്ങളിലേതുപോലെ ഡാമുകളില്‍ കരുതല്‍ ജലം ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ വരുന്ന വേനല്‍ക്കാലത്ത് കൂടുതല്‍ വൈദ്യുതി അമിതവിലയ്ക്ക് വാങ്ങേണ്ടിവരും. കാലവര്‍ഷം ദുര്‍ബലമായെങ്കിലും തുലാമഴ കനിയുമെന്നാണ് ഇനിയുള്ള പ്രതീക്ഷ. മിക്ക ഡാമുകളിലും ജലനിരപ്പ് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നു.

Related posts