മുംബൈ: ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോടു സെമിയില്‍ തോറ്റതിന്റെ കാരണമന്വേഷിക്കുന്നവര്ക്കു മുമ്പില്‍ ഉത്തരങ്ങള്‍ ധാരാളം. അശ്വിന് എറിഞ്ഞ നോബോളാണ് ഒരു കാരണമെന്നു പലരും കരുതുന്നു. ഒരു സ്പിന്നര്‍ നോബോളെറിയുന്നത് ക്രിക്കറ്റില്‍ അപൂര്‍വമാണെന്നിരിക്കെ നിര്‍ണായക ഘട്ടത്തില്‍ അശ്വിന് എറിഞ്ഞ നോബോള്‍ സിമ്മണ്‍സിന്റെ ഇന്നിംഗ്സിന് ജീവന് നീട്ടിനല്‍കി. ബുംറ എടുത്ത മികച്ച ക്യാച്ച് വെറുതെയായി.
ഇന്ത്യയുടെ പ്രീമിയം ബൗളറായ അശ്വിന് ടൂര്‍ണമെന്റില്‍ പ്രതീക്ഷയ്ക്കൊത്തുയരാഞ്ഞത് തോല്‍വിക്കു കാരണമായി. അഞ്ചു കളികളില്‍ നിന്നു 15 ഓവര്‍ മാത്രം എറിഞ്ഞ അശ്വിന് നാലോവര്‍ തികച്ചെറിഞ്ഞത് ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരേ മാത്രം. സെമിയില്‍ അശ്വിനെ മധ്യ ഓവറുകളില്‍ പരീക്ഷിക്കാന്‍ ധോണി തയാറായില്ല. റണ്‍ വഴങ്ങുന്നതില്‍ ധാരാളിയായ ഹാര്‍ദിക് പാണ്ഡ്യയെ അവസാന ഓവറുകളിലേക്കു കരുതിവയ്ക്കാന്‍ ധോണി ധൈര്യപ്പെട്ടില്ല.ആറു പന്തില്‍ എട്ടു റണ്‍സ് വേണ്ടപ്പോള്‍ പന്തേല്‍പിച്ചത് പാര്‍ട്ട് ടൈം ബൗളറായ കോഹ്ലിയെയും.
സ്പിന്നര്‍മാരെ വിന്‍ഡീസ് ബാറ്റ്സ്മാന്മാര് അനായാസം നേരിടുമെന്നുറപ്പുള്ളതിനാലാണ് മീഡിയം പേസറായ കോഹ്ലിക്ക് ഓവര്‍ കൊടുത്തത്. മുമ്പ് കോഹ്ലിയെറിഞ്ഞ ആദ്യ പന്തില്‍തന്നെ വിക്കറ്റ് വീണതും കോഹ്ലിയെ പന്തേല്‍പ്പിക്കാന്‍ കാരണമായി ധോണി ചൂണ്ടിക്കാണിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ബാറ്റ് ചെയ്ത സമയത്ത് പിച്ചില്‍ മഞ്ഞുണ്ടായിരുന്നതിനാല്‍ സ്പിന്നര്‍മാരെ ബാറ്റ്സ്മാന്മാര്ക്ക് അനായാസം നേരിടാന്‍ കഴിയും എന്നതിനാലാണ് അശ്വിനു പന്തു നല്‍കാഞ്ഞത് എന്നാണ് ധോണിയുടെ വിശദീകരണം.