കൊഴുവനാല്‍: ഇരട്ട പെണ്‍കുട്ടികള്‍ക്ക് ഇരട്ട ആണ്‍കുട്ടികള്‍ ഇന്നു മിന്നുചാര്ത്തുന്നു. കൊഴുവനാല്‍ പൂവക്കുളത്ത് ഷിബു ജോണിന്റെയും ബീനയുടെയും ഇരട്ട മക്കളായ അലോണയ്ക്കും അലീനയ്ക്കുമാണ് ഇരട്ടകള്‍ ജീവിതപങ്കാളികളാകുന്നത്. മണിമല കറിക്കാട്ടൂര്‍ തുടിയന്‍പ്ലാക്കല്‍ തോമസിന്റെയും മേരിക്കുട്ടിയുടെയും ഇരട്ട മക്കളായ ടിറ്റോയും ടിജോയുമാണ് പ്രതിശ്രുത വരന്മാര്.
ഇരട്ടകളായ ഈ രണ്ട് ജോഡികള്‍ക്കും വേറെയും സമാനതകളുണ്ട്. നാലു പേരും നഴ്സുമാരാണ്. അലോണയും അലീനയും കങ്ങഴ തിയോഫലിസ് കോളജില്‍നിന്നു കഴിഞ്ഞ വര്‍ഷം നഴ്സിംഗ് പാസായി. ടിറ്റോയും ടിജോയും നാലു വര്‍ഷമായി ഓസ്ട്രിയയില്‍ നഴ്സുമാരായി ജോലി ചെയ്യുന്നു. കഴിഞ്ഞ 13ന് കൊഴുവനാല്‍ പള്ളിയിലായിരുന്നു മനസമ്മതം. ഇന്നു കറിക്കാട്ടൂര്‍ സെന്റ് ജയിംസ് പള്ളിയില്‍ ഇവര്‍ വിവാഹിതരാകും. ഷിബുവിന്റെ പിതൃസഹോദര പുത്രന്മാരായ ഫാ. കുര്യാക്കോസ് പൂവക്കുളം സിഎംഐ, ഫാ. ജോണ്സണ് പൂവക്കുളം എന്നിവര്‍ കാര്‍മികത്വം വഹിക്കും.