ഇരിക്കൂര്‍ മണ്ണൂര്‍ പാലം ജംഗഷനില്‍ പാന്‍മസാല ശേഖരം പിടികൂടി

knr-arrestശ്രീകണ്ഠപുരം: വില്പനയ്ക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നമായ 1700 പായ്ക്കറ്റ് ഹാന്‍സ് ഇരിക്കൂര്‍ പോലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചാവശേരി കൂരന്‍മുക്കിലെ ഹസീന മന്‍സിലില്‍ അബ്ദുള്‍ സത്താറിനെ (38) ആണ് എസ്‌ഐ കെ.വി. മഹേഷും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നുപുലര്‍ച്ചെ ആറോടെ മണ്ണൂര്‍ പാലം ജംഗഷനില്‍ പോലീസ് ഓട്ടോറിക്ഷ തടയുകയായിരുന്നു. ചാക്കില്‍ നിറച്ച് ഓട്ടോറിക്ഷയുടെ പിറകില്‍ രഹസ്യഅറയില്‍ സൂക്ഷിച്ചനിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍.

കര്‍ണാടകയില്‍നിന്ന് ഇയാള്‍ നേരിട്ടു പുകയില ഉത്പന്നങ്ങള്‍ മട്ടന്നൂരിലെത്തിച്ച് ഇവിടെ കേന്ദ്രീകരിച്ചാണ് വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഏജന്റുമാര്‍ മുഖേന ഇരട്ടിവില ഈടാക്കിയാണു വില്പന. ഉളിക്കല്‍, ഇരിട്ടി, ഇരിക്കൂര്‍, മട്ടന്നൂര്‍ ഭാഗങ്ങളിലാണു പ്രധാനമായും പാന്‍ ഉത്പന്നങ്ങള്‍ വിതരണം നടത്തുന്നതെന്നും ഏജന്റുമാര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. കെഎല്‍ 58 ഡി 2755 നമ്പര്‍ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്നു വൈകുന്നേരം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും. എഎസ്‌ഐ ഇ.വി. അബ്ദുള്‍ റഹ്മാന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, മനോജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Related posts