ഇരിട്ടി: അമിതവേഗതയിലെത്തിയ ലോറി മാക്കൂട്ടം ചുരത്തില്‍ ടവേര കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു വടകര സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരിക്ക്. ഇന്നു പുലര്‍ച്ചെ 3.10ഓടെ വീരാജ്‌പേട്ട പെരുമ്പാടി ചെക്ക്‌പോസ്റ്റിനു സമീപമായിരുന്നു അപകടം. കര്‍ണാടകത്തില്‍നിന്നു ഇരിട്ടിയിലേക്കു ചുക്ക് കയറ്റിവരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി വടകരയില്‍നിന്നു മൈസൂരിലേക്കു വിനോദയാത്രയ്ക്കു പോവുകയായിരുന്ന വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ലോറി കാറിനു മുകളിലേക്കു മറിഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും ഇരിട്ടി ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രാവിലെ ഏഴോടെയാണ് രക്ഷപ്പെടുത്തിയത്. അപകടത്തെ തുടര്‍ന്ന് ഇരിട്ടി-ബംഗളൂരു പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ടോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പെരുമ്പാടി ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
പരിക്കേറ്റ ആയങ്കേരി കുന്നത്തുചാല്‍ കുഞ്ഞബ്ദുള്ളയുടെ മകന്‍ ബിലാലിനെ (22) എകെജി ആശുപത്രിയിലും വടകര കെ.കെ. പറമ്പത്ത് ഷാജഹാന്‍ (19), റഹിമയില്‍ ഷഹബാസ് (19) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ തലശേരിയിലെ വിവിധ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോളജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥികളായ ഇവര്‍ രണ്ടുദിവസത്തേക്ക് ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്കു പോയതായിരുന്നു. ഇന്നലെ അര്‍ധരാത്രി 12ഓടെയാണ് ഇവര്‍ വടകരയില്‍നിന്നു യാത്രപുറപ്പെട്ടത്.