ഇരുമ്പനം മുതല്‍ അമ്പലമേട് വരെ നാലുവരിപ്പാതയാക്കാന്‍ പദ്ധതി

EKM-FOURLINEROADകിഴക്കമ്പലം: ഇരുമ്പനം മുതല്‍ അമ്പലമേട് വരെ റോഡ് നാലുവരിപ്പാതയാക്കാന്‍ പദ്ധതി. ഇതു സംബന്ധിച്ചുള്ള രൂപരേഖ സര്‍ക്കാരിനു സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനത്തിനു കാത്തിരിക്കുകയാണ് പെതുമരാമത്ത് വകുപ്പും ബിപിസിഎല്‍ കൊച്ചി റിഫൈനറി അധികൃതരും. റോഡ് നാലുവരിപ്പാതയാക്കുന്നതിനു മുന്നോടിയായി ചിത്രപ്പുഴ മുതല്‍ അമ്പലമേട് കുഴിക്കാട് ജംഗ്ഷന്‍ വരെ ഇരുവശങ്ങളിലും റോഡിന്റെ വീതികൂട്ടല്‍ ജോലി അവസാന ഘട്ടത്തിലാണ്. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ നേരിട്ടുള്ള ചുമതലയിലാണ് ജോലി പുരോഗമിക്കുന്നത്.

നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും ടൈല്‍ പാകി. കൂടാതെ ബാരിക്കേഡും നിര്‍മിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യക അനുവാദത്തോടെയാണ് ബിപിസിഎല്‍ കൊച്ചി റിഫൈനറി റോഡിന്റെ വീതി കൂട്ടുന്നത്. കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെ കൂറ്റന്‍ വെസലുകളാണ് ഇതുവഴി കടന്നുപോകുന്നത്. ചിത്രപ്പുഴ മുതല്‍ അമ്പലമേട് വരെയുള്ള റോഡിനു വീതിയില്ലാത്തതിനാല്‍ പലപ്പഴും ഗതാഗത കുരുക്കുണ്ടാകുന്നുണ്ട്. ഇതിനുള്ള ശാശ്വത പരിഹാരം എന്ന നിലയിലാണ് റോഡ് വീതി കൂട്ടുന്നത്.

ഇപ്പോള്‍ നടക്കുന്ന സംയോജിത വികസന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. പ്ലാന്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായാല്‍ ഇതുവഴിയുള്ള ഗതാഗതം വര്‍ധിക്കും. റഡിന്റെ വീതി അപര്യാപ്തമായി വരുമെന്നതിനാലാണ് റോഡ് നാലുവരിപ്പാതയാക്കുന്നത്. ചിത്രപ്പുഴ മുതല്‍ റിഫൈനറിയുടെ പ്രധാന ഗേറ്റ് വരെയുള്ള റോഡിന്റെ വീതി കൂട്ടല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ റോഡിലെ വെളിച്ചക്കുറവു പരിഹരിക്കുന്നതിന് 80 എല്‍ഇഡി ലൈറ്റുകളും പുതുതായി സ്ഥാപിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ച ഭാഗത്ത് അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ പ്രത്യക സിഗ്നല്‍ ബോര്‍ഡുകളും പോലീസ് പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

Related posts