ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തിങ്കളാഴ്ച ഗവര്‍ണര്‍ കെ.കെ പോളുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഗുരുതരമാണെന്നു കാണിച്ച് ഗവര്‍ണര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ യോഗം പരിഗണിച്ചിരുന്നു.
രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ നടപടി ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്നതിനു തുല്യമാണെന്നു റാവത്ത് ഇന്നലെ പറഞ്ഞിരുന്നു. ബിജെപി ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണിത്. തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുമെന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനത്തും കുഴപ്പങ്ങളുണ്ടാക്കുന്നതു ബിജെപിയാണെന്നു കോടതിയെ ബോധ്യപ്പെടുത്തും. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണു അവരുടെ നയം. ഭരണഘടനയില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഒരു പാര്‍ട്ടിയുടെ പൈതൃകം തുടച്ചുമാറ്റണമെന്നു ചിന്തിക്കാനാവില്ല. കുതിരക്കച്ചവടത്തില്‍ സമര്ഥരാണു ബിജെപിയെന്നും സിബല്‍ ആരോപിച്ചു.