കോഴിക്കോട്: സോഷ്യല്‍മീഡിയയിലുള്‍പ്പെടെ ചൂടന്‍ ചര്‍ച്ചയായ എംപി-കളക്ടര്‍ തര്‍ക്കത്തിനു പരിഹാരമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയെന്നു സൂചന. കളക്ടര്‍ എന്‍. പ്രശാന്തിന്റെ നടപടികള്‍ക്കെതിരെ എം.കെ. രാഘവന് എംപി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കു കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മാപ്പു ചോദിച്ചുകൊണ്ടുള്ള കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നത്. വിഷയത്തില്‍ ഗൗരവമായി ഇടപട്ടെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു അടിയന്തര പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
കളക്ടര്‍ പദവി പോലും മറന്ന് സോഷ്യല്‍മീഡിയയിലൂടെ പരിഹസിച്ചുവെന്നും പിആര്‍ഡിയെ ദുരുപയോഗം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പത്രക്കുറിപ്പ് നല്‍കിയെന്നുമായിരുന്നു എംപി പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഫേയ്സ്ബൂക്കില് പോസ്റ്റിട്ട് തന്നെ അപമാനിച്ചതും, രേഖാമൂലം ഉന്നയിച്ച ചോദ്യങ്ങള്‍ മറുപടി നല്‍കാത്തതും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ജനപ്രതിനിധികളെ പരസ്യമായി അപമാനിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതായി എംപി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ന്ന തര്‍ക്കത്തിനൊടുവിലാണ് കളക്ടര്‍ തന്റെ ഫേസ്ബുക്കില്‍ ക്ഷമ ചോദിച്ച് പോസ്റ്റിട്ടത്. അറിഞ്ഞോ അറിയാതെയോ ആരെയും വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുതെന്നാണ് തന്റെ ആഗ്രഹം. എംപിയുടെ മനസിന് വിഷമം തോന്നിക്കാനിടയാക്കിയ തന്റെ പ്രവൃത്തിക്ക് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റിട്ടത്.
എംപിയെ അപമാനിക്കാന്‍ താന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും എല്ലാം ഉന്നതിയില്‍ നില്ക്കുന്ന എംപിയോട് ഈഗോ കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്നും എന്‍. പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. പദ്ധതി നടത്തിപ്പിന് കളക്ടറുടെ ഓഫീസ് തടസം നില്‍ക്കുന്നുവെന്ന എംപിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നത്.