എങ്ങുമെത്താതെ ബിജെപി-ബിഡിജെഎസ് സീറ്റ് ചര്‍ച്ച

bdjsകോഴിക്കോട്: ബിജെപിയും ബിഡിജെഎസും തമ്മിലുള്ള രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്നലെ പിരിഞ്ഞത് കാര്യമായ തീരുമാനങ്ങളില്ലാതെ. കോവളം ഉള്‍പ്പെടെയുള്ള ചില സീറ്റുകള്‍ ബിഡിജെഎസ് ആവശ്യപ്പെട്ടുവെന്നും ഇതു വിട്ടുകൊടുക്കാന്‍ ബിജെപി നേതൃത്വം വിസമ്മതിച്ചുവെന്നുമാണ് വിവരം. എന്നാല്‍ തര്‍ക്കങ്ങളില്ലെന്നും സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നുമാണ് നേതാക്കളുടെ പ്രതികരണം. സീറ്റുകളുടെ എണ്ണം ചര്‍ച്ചയായിട്ടില്ലെന്നും വിജയസാധ്യത അവലോകനം ചെയ്യുകയായിരുന്നുവെന്നും ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിഡിജെഎസ് 70 സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിമാത്രമാണെന്നു തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു.

നിലവില്‍ 30 സീറ്റ് ബിഡിജെഎസിനു നല്കി വിഭജനം പൂര്‍ത്തിയാക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതു തെറ്റിക്കും വിധം ബിഡിജെഎസ് നിലപാടെടുത്തതോടെയാണ് ഇന്നലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാമെന്നുള്ള കണക്കുകൂട്ടല്‍ പിഴച്ചത്. 35നും 40നും ഇടയില്‍ സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ബിഡിജെഎസ്. ഓരോ കക്ഷിക്കും ജയസാധ്യതയുള്ള സീറ്റുകളില്‍ ആവശ്യമുന്നയിക്കില്ലെന്ന് ഇരുവിഭാഗവും പറയുമ്പോഴും കാര്യങ്ങള്‍ അങ്ങിനെയല്ലെന്നാണ് വ്യക്തമാകുന്നത്.

ഇന്നലെ ഉച്ചക്ക് മൂന്നിന് ആരംഭിച്ച ചര്‍ച്ച രാത്രി ഒമ്പതോടെയാണ് അവസാനിച്ചത്. മറ്റ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം മൂന്ന് ദിവസത്തിനകം മൂന്നാംഘട്ട ചര്‍ച്ച നടത്താമെന്ന ഉറപ്പിന്‍മേലാണ് പിരിഞ്ഞത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ് തുടങ്ങിയവരാണ് ബിജെപിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ബിഡിജെഎസിനായി തുഷാര്‍ വെള്ളാപ്പള്ളിയും ടി.വി. ബാബു തുടങ്ങിയവരും പങ്കെടുത്തു. എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ പി.സി. തോമസുമായും ഇന്നലെ രാത്രി വൈകി  ബിജെപി നേതൃത്വം ചര്‍ച്ച നടത്തി.

Related posts