കൊച്ചി: യുവതിയെ അപമാനിച്ച കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ഹൈക്കോടതിയില്‍ പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി അപ്രസക്തമായമെന്നു കോടതി ചൂണ്ടിക്കാട്ടി. എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന പോലീസിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം.
എറണാകുളം കോണ്‍വെന്റ് ജംഗ്ഷനു സമീപം നടുറോഡില്‍ വച്ച് ശരീരത്തില്‍ കയറിപ്പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണു ഞാറയ്ക്കല്‍ സ്വദേശിനിയുടെ പരാതി. സംഭവം നടന്നയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ധനേഷ് മാത്യു മാഞ്ഞൂരാനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പിന്നീട് യുവതിക്ക് ആളുമാറിപ്പോയെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് കേസ് പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് ധനേഷും കുടുംബവും വീട്ടിലെത്തിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
ധനേഷിന്റെ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും തെറ്റുപറ്റിയെന്നും കുടുംബ ജീവിതം തകര്‍ക്കരുതെന്നും ധനേഷിന്റെ അമ്മയടക്കം കണ്ണീരോടെ അഭ്യര്‍ഥിച്ചതിനാലാണ് താന്‍ ആളെ അറിയില്ലെന്ന് പറഞ്ഞതും വെളളപേപ്പറില്‍ ഒപ്പിട്ട് നല്‍കിയതെന്നതും എന്നാല്‍ ഇത് കൈക്കലാക്കിയശേഷം തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതായും യുവതി പറഞ്ഞിരുന്നു. ധനേഷ് യുവതിയെ കടന്നു പിടിച്ചതായി ദൃക്‌സാക്ഷിയും മൊഴി നല്‍കിയിരുന്നു. എംജി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ഷാജിയാണ് സംഭവം നേരിട്ട് കണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയത്. 35 ഓളം സാക്ഷിമൊഴികളും ഇയാള്‍ക്കെതിരെയുണ്ട്.