എസി റോഡ് മാലിന്യ നിക്ഷേപകേന്ദ്രം: കണ്ണുപൊത്തി അധികൃതര്‍; മൂക്കുപൊത്തി യാത്രക്കാര്‍

ALP-WASTEആലപ്പുഴ: എസി റോഡരുകില്‍ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലെ കനാലുകളിലും പാടശേഖരങ്ങളിലേക്കുമായാണ് മാലിന്യങ്ങള്‍ തള്ളുന്നത്. പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ഗാര്‍ഹിക മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചി കടകളില്‍ നിന്നുള്ള മാലിന്യങ്ങളുമാണ് പാതയോരത്ത് നിക്ഷേപിക്കുന്നതിലേറെയും. വാഹനങ്ങളില്‍ രാത്രികാലങ്ങളിലും പുലര്‍ച്ചെയുമെത്തിയാണ് മാലിന്യങ്ങള്‍ റോഡരുകില്‍ തള്ളുന്നത്. തിങ്കളാഴ്ചകളിലാണ് അറവ് മാലിന്യങ്ങള്‍ കൂടുതലായി നിക്ഷേപിക്കപ്പെടുന്നത്.

മഴ പെയ്യുന്നതോടെ മാലിന്യങ്ങള്‍ ഒഴുകി റോഡിലേക്കും എത്തുക പതിവാണ്. എസി റോഡരുകിലെ പല പ്രദേശങ്ങളും കാടുപിടിച്ച് കിടക്കുന്നതും മാലിന്യ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നുണ്ട്. വലിയ പ്ലാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലുമായാണ് മാലിന്യങ്ങള്‍ തള്ളുന്നത്. ആലപ്പുഴ നഗരത്തില്‍ മാലിന്യങ്ങള്‍ പൊതുനിരത്തുകളില്‍ വലിച്ചെറിയുന്നതിനെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് പലരും എസി റോഡിനെ മാലിന്യ നിക്ഷേപത്തിനുള്ള കേന്ദ്രമാക്കി മാറ്റിയത്.

അന്യ ജില്ലകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ എസി റോഡരുകിലും കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലും തള്ളുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പൊതുനിരത്തുകളിലെയും സ്ഥലങ്ങളിലെയും മാലിന്യ നിക്ഷേപം തടയാന്‍ ചുമതലപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാകട്ടെ എസി റോഡരുകിലെ മാലിന്യ നിക്ഷേപത്തെ കണ്ടില്ലായെന്ന് നടിക്കുകയാണെന്നാണ് ജനങ്ങളുടെ പരാതി. ജൈവ, അജൈവ മാലിന്യങ്ങള്‍ യാതൊരുനിയന്ത്രണവുമില്ലാതെ ഇത്തരത്തില്‍ നിക്ഷേപിക്കുന്നതുമൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനിടയുണ്ടെന്ന ആശങ്കയിലാണ് എസി റോഡരുകില്‍ താമസിക്കുന്നവര്‍.

Related posts