ബോബന് ബി കിഴക്കേത്തറ
കളമശേരി: കണ്ടെയ്നര്‍ റോഡിനരികില്‍ ആനവാതില്‍ ജംഗ്ഷനിലെ അക്കേഷ്യ കാടുകള്‍ക്കിടയിലെ വാടക കെട്ടിടത്തില്‍ നിന്ന് ഏലൂര്‍ ഫയര്‍ സ്റ്റേഷനു ശാപമോക്ഷം ലഭിക്കുന്നു. ആറു ഫയര്‍ എന്‍ജിനുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന രണ്ട് നില കെട്ടിടത്തിന്റെ നിര്‍മാണം ഏലൂര്‍ പാതാളം കവലയില്‍ അവസാന ഘട്ടത്തിലായി. മൂന്നു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന 10500 ചതുശ്രയടി വലിപ്പത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ഇനി ടൈല്‍ വര്‍ക്ക്, പെയിന്റിംഗ് , ഷീറ്റിടല്‍ എന്നീ ജോലികളാണ് പൂര്‍ത്തിയാകാനുള്ളത്. കൂടാതെ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ വയറിംഗും ബാക്കിയുണ്ട്. എല്ലാത്തിനും കൂടി 45 ദിവസമാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി നാലിന് അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയാണ് ഫയര്‍ സ്റ്റേഷന് തറക്കല്ലിട്ടത്. അതിനു മുമ്പ് ഇടതുപക്ഷ സര്‍ക്കാര്‍ ഫയര്‍ സ്റ്റേഷന് തറക്കല്ലിട്ടതാണെന്നാരോപിച്ച് അന്നത്തെ പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തു.പ്രതീക്ഷിച്ചതിലും നേരത്തെയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നത്. 15 മാസമെന്നതിനു പകരം ഫയര്സ്റ്റേഷന് 10 മാസം കൊണ്ട് തീര്‍ക്കാനാകുമെന്ന് കരാറുകാരനായ ട്രാന്സ്പോണ്സ് കോര്പറേഷന് പാര്‍ട്ണര്‍ നിയാസ് കുഞ്ഞുമരക്കാര്‍ പറഞ്ഞു. തദ്ദേശീയരായ ജോലിക്കാരാണ് നിര്മാണത്തിലുള്ളതെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അങ്കമാലിയിലെ ഫയര്സ്റ്റഷന് കാല് നൂറ്റാണ്ട് മുമ്പ് ഈ കരാറുകാരാണ് നിര്‍മ്മിച്ചത്. ഹര്‍ത്താല്‍ അടക്കമുള്ള അവധി ദിനങ്ങള്‍, ഞായറാഴ്ചകള്‍ എന്നിവയുണ്ടായിട്ടും പദ്ധതി അതിവേഗത്തില്‍ തീര്‍ക്കാനായെന്നും നിയാസ് പറഞ്ഞു.
ഒരു സ്റ്റേഷന് മാസ്റ്റര്‍ റൂം, ഒരു അസിറ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ റൂം, പ്രധാന ഹാള്‍, മെക്കാനിക് റൂം, സ്റ്റോര്‍ റൂം, അടുക്കള, വാച്ച് റൂം, ജീപ്പും ആംബുലന്‍സും ഇടാനുള്ള പോര്‍ച്ച്, ലോബി എന്നിവയാണ് താഴത്തെ നിലയില്‍ ഉണ്ടാകുക.ക്ലാസ് റൂം, ലൈബ്രറി, വിനോദകേന്ദ്രം, മൂന്ന് റെസ്റ്റ് റൂമുകള്‍ എന്നിവയാണ് മുകളിലെ നിലയിലുള്ളത്. രണ്ടു നിലകളിലും ആറുമുറികളുടെ ശുചിമുറികളുമുണ്ട്.ഫയര്എന്ജിനിലെ തീ കെടുത്താനുള്ള വെള്ളം ശേഖരിക്കാന്‍ ഒരു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക്, കുടിവെള്ളത്തിന് പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക്, മോട്ടോര്‍ ശേഷി പരിശോധിക്കാനായി ഒരു ടാങ്ക് എന്നിവയുടെ നിര്‍മ്മാണവും ഇവിടെ പൂര്‍ത്തിയായി. മഴവെള്ള സംഭരണിയും തയാറാകുന്നുണ്ട്.
കെട്ടിടത്തിലേക്കു വേണ്ട വൈദ്യുതി വല്‍ക്കരണം ഉടന്‍ ആരംഭിക്കുമെന്നും 10 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടി ഉടന്‍ നടക്കുമെന്നും അസിസ്റ്റന്റ് എക്സി. എഞ്ചിനീയര്‍ എം.കെ. പ്രകാശന് പറഞ്ഞു. ഒരു മാസം കൊണ്ട് വയറിംഗ് പൂര്‍ത്തിയാക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു.ആധുനിക ഉപകരണങ്ങളും കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏലൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിലെ ജീവനക്കാര്‍. ഇവരുടെ ദുരിതപര്‍വ്വം ‘രാഷ്ട്രദീപിക’ യില്‍ വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടിയെടുത്തത്.