ലണ്ടന്‍: വിവിധ രാജ്യങ്ങളില്‍നിന്നായി ഐഎസ് റിക്രൂട്ടു ചെയ്തവരെക്കുറിച്ചുള്ള 22,000 ഫയലുകള്‍ ബ്രിട്ടനിലെ സ്കൈന്യൂസ് ടിവി ചാനലിനു ലഭിച്ചു. 51 രാജ്യങ്ങളില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ പേരുകളും മറ്റുവിവരങ്ങളും ഫയലുകളിലുണ്ട്. ബ്രിട്ടന്, ഫ്രാന്‍സ്, യുഎസ്, കാനഡ എന്നിവിടങ്ങളിലും പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുമായി നിരവധി പേര് ഐഎസില്‍ ചേര്‍ന്ന് ഇറാക്കിലും സിറിയയിലും പോരാട്ടം നടത്തുന്നുണ്ട്.
പുതിയ റിക്രൂട്ടുകള്‍, ഐഎസില്‍ ചേരുന്നതിനു മുമ്പായി പൂരിപ്പിച്ചുകൊടുത്ത ഫോമുകള്‍ ഐഎസിലെ ഉന്നതനാണു ചോര്‍ത്തിക്കൊടുത്തത്. ഐഎസിന്റെ സുരക്ഷാ പോലീസ് മേധാവിയുടെ കംപ്യൂട്ടറില്‍നിന്നു ചോര്‍ത്തിയ വിവരങ്ങളടങ്ങിയ മെമ്മറി സ്റ്റിക്കാണ് ഐഎസുമായി തെറ്റിയ ഉന്നതന് തങ്ങള്‍ക്കു നല്‍കിയതെന്നു സ്കൈന്യൂസ് വ്യക്തമാക്കി. 23 ചോദ്യങ്ങള്‍ക്ക് ഓരോ അപേക്ഷകനും നല്കിയ മറുപടികള്‍ ഇതിലുണ്ട്.
പേര്, ജന്മസ്ഥലം, ഫോണ്‍ നമ്പര്‍, ഇസ്ലാമിക നിയമം സംബന്ധിച്ച അറിവ്, ഐഎസില്‍ ചേരാന്‍ ശിപാര്‍ശ നല്കിയ ആളുടെ പേര് തുടങ്ങിയവയാണു പ്രധാന ചോദ്യങ്ങള്‍. പൂരിപ്പിച്ച ചോദ്യാവലിയില്‍നിന്ന് ഐഎസ് റിക്രൂട്ടുകളെ മാത്രമല്ല, ബന്ധുക്കളെയും സ്പോണ്സര്മാരെയുംവരെ തിരിച്ചറിയാം. ഫയലുകള്‍ സുരക്ഷാ ഏജന്‍സിക്കു കൈമാറാനാണ് സ്കൈന്യൂസിന്റെ പദ്ധതി. രക്തസാക്ഷികള്‍ എന്നു രേഖപ്പെടുത്തിയ ഒരു പ്രത്യേക ഫയലും ഇക്കൂട്ടത്തിലുണ്ട്. ചാവേറുകളാവാന്‍ നിയോഗിക്കപ്പെട്ടവരുടെ പേരുകളും മറ്റു വിവരങ്ങളുമാണിതിലുള്ളത്.
സിറിയന്‍ പ്രതിപക്ഷത്തെ അനുകൂലിക്കുന്ന ഒരു വെബ്സൈറ്റും റിക്രൂട്ടുകളെ സംബന്ധിച്ച ചില വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഇതനുസരിച്ച് ഐഎസ് പോരാളികളില്‍ 25% പേര് സൗദി അറേബ്യയില്നിന്നുള്ളവരാണ്. അറബി വംശജരല്ലാത്തവരില് മുന്‍പന്തിയിലുള്ളത് തുര്‍ക്കികളും രണ്ടാംസ്ഥാനത്തുള്ളതു ഫ്രഞ്ചുകാരുമാണ്.
ഇറാക്കിലും സിറിയയിലുമാണ് ഐഎസിന് ഏറെ വേരോട്ടമുള്ളതെങ്കിലും ഐഎസ് അംഗങ്ങളില്‍ ഇറാക്കികള്‍ വെറും 1.2ശതമാനവും സിറിയക്കാര്‍ 1.7ശതമാനവുമാണ്. ഇറാക്കിലെ മൊസൂളിലും റമാദിയിലും പോരാട്ടം നടത്തുന്ന ഐഎസ് അംഗങ്ങളില്‍ ഭൂരിഭാഗവും ജോര്‍ദാനിലും ഇറാക്കിലും നിന്നുള്ളവരാണെന്നും വെബ്സൈറ്റില്‍ പറയുന്നു.
ഇതിനിടെ ഐഎസിനെ സംബന്ധിച്ച നിരവധി ഫയലുകള്‍ കിട്ടിയതായി ജര്‍മന്‍ ഫെഡറല്‍ ക്രിമിനല്‍ പോലീസും അറിയിച്ചു. ഭീകരരെ തിരിച്ചറിയുന്നതിനും തെരച്ചില്‍ നടത്തി കണ്ടെത്തുന്നതിനും ഇതിലെ വിവരങ്ങള്‍ സഹായകമാവുമെന്നു ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സിയെര് പറഞ്ഞു. ജര്‍മനിയിലെ സുഡെറ്റ്സ്ഷെ സീറ്റുംഗ് പത്രത്തിനും ഒട്ടേറെ ഫയലുകള്‍ ചോര്‍ന്നു കിട്ടിയെന്നു പത്രത്തിന്റെ വക്താവ് അറിയിച്ചു.