ഗാന്ധിനഗര്‍: സേഫ്റ്റി പിന്‍ വിഴുങ്ങിയ കുട്ടിയുടെ ഉള്ളില്‍നിന്നു പിന്‍ എടുക്കാനായി ഓപ്പറേഷന്‍ ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നു ഡോക്ടര്‍മാര്‍. ഇന്നലെ രാത്രിയോടെ കുട്ടിയെ കുട്ടികളുടെ ആശുപത്രി പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലേക്കു മാറ്റി. വൈക്കം മറവന്‍തുരുത്ത് സ്വദേശി രഞ്ജിത്തിന്റെ മകള്‍ അശ്രിതയാണു (ഒമ്പതു മാസം) കഴിഞ്ഞദിവസം പിന്‍ വിഴുങ്ങിയത്.
തുറന്ന നിലയില്‍ പിന്‍ വിഴുങ്ങിയ കുഞ്ഞിനെ ആദ്യം കുട്ടികളുടെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക്ക് വിഭാഗത്തിലും പ്രവേശിപ്പിച്ചു. കാര്‍ഡിയോ തൊറാസിക്കിലെ ഡോക്ടര്‍മാര്‍ പിന്‍ ആമാശത്തിലേക്ക് തള്ളിയിറക്കി. കഴിഞ്ഞ ബുധാനഴ്ച പിന്‍ കുഞ്ഞിന്റെ വയറിലെത്തുകയും ചെയ്തിരുന്നു.
ഇന്നലെ വന്‍കുടലില്‍ പ്രവേശിച്ച പിന്‍ ചെറുകുടലിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചെറുകുടലില്‍ എത്തുന്ന പിന്‍ കുഞ്ഞ് മലവിസര്‍ജനം നടത്തുമ്പോള്‍ പുറത്തേക്ക് പോരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നിരുന്നാലും, ചെറുകുടലിലേക്ക് പോകുന്ന വഴിക്കോ ചെറുകുടലില്‍ എത്തിയശേഷമോ പിന്‍ തങ്ങിനില്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ഓപ്പറേഷന്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമ്മയുടെ മാലയില്‍ കോര്‍ത്തിരുന്ന പിന്നാണ് കുഞ്ഞ് ഊരിയെടുത്ത് വിഴുങ്ങിയത്.