മാന്നാര്‍: ഒരു മാസം മുമ്പ് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു.പരുമല കാട്ടില്‍ കിഴക്കേതില്‍ ഫ്രാന്‍സിസ് ബ്രൂണാ(വാവച്ചന്‍-51)ണ് മരിച്ചത്. ഒരു മാസം മുമ്പ് ഫ്രാന്‍സിസും അയല്‍വാസികളും തമ്മില്‍ നടന്ന വാക്കേറ്റത്തെത്തുടര്‍ന്നാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്. സംഭവത്തെ കുറിച്ച് പോലീസ് ഇങ്ങനെ: ഫ്രാന്‍സിസിന്റെ അയല്‍വാസികളായ പുത്തന്‍പുരയില്‍ പി.പി.ജോണ്‍, മകന്‍ ജെനി പി.ജോ ണ്‍, അനുജന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് പരുമല ആശുപത്രിക്ക് സമീപം വച്ച് ഇയാളെ തലക്കടിച്ച് വീഴ്ത്തിയശേഷം നിലത്തിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അടിയിലും മര്‍ദനത്തിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയംമെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജിലാണ് ഫ്രാന്‍സിസ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആന്റണിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പി.പി.ജോണും മകനും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ജെനി ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലായിരുന്നു.
കസ്റ്റഡിയില്‍ നിന്ന് പോലീസിനെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. മരിച്ച ഫ്രാന്‍സിസ് സ്വകാര്യ കമ്പനിയില്‍ റെപ്രസന്റീവായി ജോലി ചെയ്ത് വരുകയായിരുന്നു. സെലിനാണ് ഭാര്യ. മക്കള്‍: എബി, എല്‍ബി. സംസ് കാരം പിന്നീട്.