സിജോ പൈനാടത്ത്
കൊച്ചി: ഓര്‍മയില്ലേ റിസ്റ്റിയെ…? ലഹരിക്ക് അടിമയായ അയല്‍വാസിയുടെ കുത്തേറ്റു വീടിനു സമീപത്തെ ഇടവഴിയില്‍ പൊലിഞ്ഞുവീണ പത്തു വയസുകാരനെ കൊച്ചിയും കേരളവും എളുപ്പം മറക്കില്ല. ആദ്യകുര്‍ബാന സ്വീകരിക്കാന്‍ നാലു ദിവസം ബാക്കിനില്‍ക്കേ പറന്നകന്ന ആ നിഷ്കളങ്ക ബാല്യം നൊമ്പരമായിട്ട് ഇന്നേയ്ക്കു നാല്‍പതു നാള്‍. പ്രഫ. എം.കെ. സാനു ചെയര്‍മാനായി കൊച്ചിയില്‍ റിസ്റ്റി ഫൗണ്ടേഷന്‍ സാംസ്കാരികവേദിയ്ക്ക് ഇന്നു തുടക്കമാകും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള ലഹരിമരുന്നു മാഫിയയുടെ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായും നിയമപരമായും ചെറുക്കുക, സാമൂഹ്യതിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ കുട്ടികളെയും പൊതുസമൂഹത്തെയും സജ്ജമാക്കുക, കുട്ടികളുടെ സമഗ്രമായ വ്യക്തിത്വവികാസത്തിനുതകുന്ന പരിശീലന പരിപാടികള്‍ ആവിഷ്കരിക്കുക, വിവിധ കലകളുടെയും സാഹിത്യത്തിന്റെയും സാധ്യതകള്‍ ഉപയോഗിച്ചു കുട്ടികള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു റിസ്റ്റി ഫൗണ്ടേഷന്‍ സാംസ്കാരികവേദി രൂപീകരിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെടുന്ന പതിനഞ്ചു മേഖലകളില്‍ ഫൗണ്ടേഷന്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കും.
പ്രഫ.എം.കെ. സാനു ചെയര്‍മാനായ ഫൗണ്ടേഷനു ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, കേരള ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം സെക്രട്ടറി അഡ്വ. ഡി.ബി. ബിനു എന്നിവര്‍ വൈസ് ചെയര്‍മാന്മാരായി പ്രവര്‍ത്തിക്കും. എഴുത്തുകാരന്‍ ജോണ്‍പോളാണു ജനറല്‍ സെക്രട്ടറി. ആഷ അഷ്‌റഫ് ജോയിന്റ് സെക്രട്ടറിയും ജോര്‍ജ് വര്‍ഗീസ് ട്രഷററുമായും പ്രവര്‍ത്തിക്കും. പതിനൊന്നംഗ അഡ്‌ഹോക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ കേന്ദ്രീകരിച്ചാകും ഫൗണ്ടേഷന്റെ പ്രവര്‍ത്തനം.
റിസ്റ്റിമാര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഉദ്യമങ്ങള്‍ സര്‍ക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ആവിഷ്കരിക്കുകയും കുട്ടികളുടെ സമഗ്രമായ ക്ഷേമത്തിനായുള്ള പദ്ധതികളുമാണു ഫൗണ്ടേഷന്റെ ലക്ഷ്യമെന്നു ഫാ. റോബി കണ്ണന്‍ചിറ അറിയിച്ചു. 26നു മുഖ്യമന്ത്രി പിണറായി വിജയന്‍ റിസ്റ്റി ഫൗണ്ടേഷന്‍ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്, ഹൈബി ഈഡന്‍ എംഎല്‍എ തുടങ്ങിയവര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളോടു സഹകരിക്കും.
ഏപ്രില്‍ 25നു രാവിലെയാണ് എറണാകുളം പുല്ലേപ്പടി എ.പി. ഉമ്മര്‍ റോഡിനു സമീപം ചെറുകരേത്ത് ലൈനില്‍ കമ്മട്ടിപ്പാടത്തു താമസിക്കുന്ന പറപ്പിള്ളി ജോണിന്റെ മകന്‍ റിസ്റ്റി ജോണ്‍ കൊല്ലപ്പെട്ടത്. കടയില്‍ നിന്നു പാല്‍വാങ്ങി വീട്ടിലേക്കു മടങ്ങിവരുമ്പോള്‍ വീടിനു സമീപമുള്ള ഇടവഴിയിലായിരുന്നു നാടിനെ നടുക്കിയ ദാരുണസംഭവം. പ്രതിയും അയല്‍വാസിയുമായ പൊന്നാശേരി വീട്ടില്‍ അജി ദേവസ്യ (40) ഇപ്പോള്‍ റിമാന്‍ഡിലാണ്. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്കൂളില്‍ ഇക്കുറി അഞ്ചാം ക്ലാസിലേക്കു ജയിച്ച വിദ്യാര്‍ഥിയാണു മരിച്ച റിസ്റ്റി. ഇതേ സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ എയ്ബലിന്റെ പുതിയ അധ്യയനവര്‍ഷത്തിലെ പഠനയാത്രയില്‍ ഇനി അനുജനില്ല.