റിയോ ഡി ഷാനെറോ: മണിക്കൂറിന്റെ പോലും വത്യാസമില്ലാതെ രണ്ടു സ്വര്‍ണം. മൈക്കില്‍ ഫെല്‍പ്സ് എന്ന യുഎസ് നീന്തല്‍ താരത്തെ അത്ഭുതമെന്നല്ലാതെ എന്തു വിശേഷിപ്പിക്കാന്‍. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ സ്വര്‍ണം നേടിയതിന്റെ ചൂടാറും മുന്‍പാണ് 4X400 മീറ്ററില്‍ ഫെല്‍പ്സ് ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയത്. ഏഴു മിനിറ്റുകൊണ്ടാണ് ഫെല്‍പ്സും സംഘവും ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ബ്രിട്ടന് വെള്ളിയും ജപ്പാന് വെങ്കലവും നേടി.
ഇതോടെ ഫെല്‍പ്സിന്റെ സ്വര്‍ണ നേട്ടം 21 ആയി ഉയര്‍ന്നു. ഒളിമ്പിക്സ് മെഡല്‍ എണ്ണം ആകെ 25ലെത്തിച്ച് ഫെല്‍പ്സ് തനിക്ക് പകരക്കാരനില്ലെന്ന് തെളിയിക്കുകയായിരുന്നു. റിയോയില്‍ മൂന്നാം സ്വര്‍ണമാണ് ഫെല്‍പ്സ് നേടിയത്. ഇനി രണ്ടു മത്സരങ്ങള്‍ കൂടി റിയോയില്‍ ഫെല്പ്സിനു ബാക്കിയുണ്ട്.