മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതിനുള്ള പ്രാരംഭനടപടികള്‍ക്കു തുടക്കമായി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം വനാവകാശസമിതി (ഫോറസ്റ്റ് റൈറ്റ്‌സ് കമ്മിറ്റി എഫ്ആര്‍സി)യുടെ യോഗം ചേര്‍ന്നു.കുടില്‍കെട്ടി സമരം ചെയ്തുവരുന്ന മൂര്‍ത്തിക്കുന്ന് മലമ്പ്രദേശം കോളനിയിലെ 22 കുടുംബങ്ങള്‍ക്കായി വീതിച്ചു നല്കണമെന്നും ഓരോ കുടുംബത്തിനും അഞ്ചേക്കര്‍ മുതല്‍ പത്തേക്കര്‍ വരെ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ എം.ഷമീനയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. 14.67 ഏക്കര്‍ ഭൂമിയാണ് സമരം ചെയ്യുന്ന മൂര്‍ത്തിക്കുന്നിലുള്ളത്.
കോളനിയിലെ വാസു ഭാസ്കരനാണ് എഫ്ആര്‍സി സെക്രട്ടറി. സുനില്‍ സുരേന്ദ്രന്‍ ചെയര്‍മാനും.കോളനിക്കാരുടെ പൊതു ആവശ്യമായ ശ്മശാനം, കമ്യൂണിറ്റിഹാള്‍, സ്കൂള്‍, കളിസ്ഥലം തുടങ്ങിയവര്‍ക്കായി വേറെയും അഞ്ചേക്കര്‍ സ്ഥലം നല്കാന്‍ നടപടിയുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യം ഉന്നയിച്ചു. പത്തംഗങ്ങളാണ് എഫ്ആര്‍സിയിലുള്ളത്. എഫ്ആര്‍സിയില്‍ എടുത്ത തീരുമാനങ്ങള്‍ സബ്ഡിവിഷണല്‍ ലെവല്‍ കമ്മിറ്റിയെ അറിയിക്കുമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ടിഇഒ) ഷമീന പറഞ്ഞു.
വനാവകാശ നിയമപ്രകാരം 18 അപേക്ഷകളാണ് നേരത്തെ സമര്‍പ്പിച്ചിട്ടുള്ളത്. ഇപ്പോള്‍ നാലു കുടുംബങ്ങള്‍ കൂടി കൂടുതലായി വന്നിട്ടുണ്ട്. തടസങ്ങളില്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയാണെങ്കില്‍ 14.67 ഏക്കര്‍ ഭൂമി വീതിച്ചു ഓരോ കുടുംബത്തിനും കൈവശരേഖ നല്കും. ഈ ഭൂമി വില്ക്കാന്‍ കഴിയില്ല.തലമുറകളായി കൈവശം വച്ച് അനുഭവിച്ചു വരാം. കൈവശരേഖ കിട്ടിയാല്‍ വീടുനിര്‍മിച്ച് നല്കുന്നതിനുള്ള മതിയായ ഫണ്ട് പട്ടികവര്‍ഗ വകുപ്പിനുണ്ടെന്ന് ടിഇഒ അറിയിച്ചു.സമരഭൂമിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മുകളിലുള്ള മലയിലെ ചോലയില്‍നിന്നും ഹോസ് വഴി വെള്ളമെത്തിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നും ഊരുകൂട്ടം ആവശ്യപ്പെട്ടു.
ഇതിനായി പട്ടികവര്‍ഗ വകുപ്പില്‍നിന്നും 28,000 രൂപ അനുവദിച്ചിട്ടുള്ളതായി ഊരുമൂപ്പന്‍ വേലായുധന്‍ യോഗത്തില്‍ പറഞ്ഞു.ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ കെ.സി.ചെറിയാനാണ് രണ്ടുമാസംമുമ്പ് കോളനി സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചിരുന്നത്. ഈ ഫണ്ട് പ്രയോജനപ്പെടുത്തി വെള്ളം എത്തിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം. ഇക്കാര്യവും എസ്ഡിഎല്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും ടിഇഒ ഷമീന ഊരുകൂട്ടത്തിനു ഉറപ്പുനല്കി.